ആഗോള കണ്ടെയ്നർ പ്രകടന സൂചിക: എട്ടാമതായി ഹമദ് തുറമുഖം
Mail This Article
ദോഹ∙ ലോക വിപണിയിലേക്കുള്ള ഖത്തറിന്റെ പ്രധാന സമുദ്രവാതിലായ ഹമദ് തുറമുഖത്തിന് ആഗോള കണ്ടെയ്നർ പ്രകടന സൂചികയിൽ എട്ടാം സ്ഥാനം. അറബ് മേഖലയിൽ മൂന്നാം സ്ഥാനവും നേടി. ലോക ബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും ചേർന്നാണു സൂചിക പുറത്തിറക്കിയതെന്ന് ഖത്തർ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തർ അറിയിച്ചു.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന്റെ ഉയർന്ന ശേഷിയെ സ്ഥിരീകരിക്കുന്നതാണ് സൂചിക. ടെർമിനൽ ശേഷി, സ്ഥല ഉപയോഗം, ചെലവ്, കരയുമായുള്ള കണക്ടിവിറ്റി, സേവനങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്.
രാജ്യത്തിന്റെ സമുദ്ര വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 5 പുതിയ കപ്പൽ സർവീസുകളാണ് ഹമദ് തുറമുഖത്ത് നിന്നാരംഭിച്ചത്. 2016 ഡിസംബറിൽ പ്രവർത്തനം തുടങ്ങി ഇതുവരെയുള്ള കാലയളവിൽ 80 ലക്ഷം ടിഇയുഎസ് (ട്വന്റി-ഫൂട്ട് ഇക്വലന്റ് യൂണിറ്റ്‌സ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതായി ഈ വർഷം ഫെബ്രുവരിയിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു.