'പാവോല്ലേടാ, നീ ഓളെയൊന്ന് കൊണ്ടുപോ...'എന്ന് ഉമ്മ; അങ്ങനെ സ്വപ്നം കണ്ട അബുദാബിയിൽ എന്റെ 'കുറുംബിയേടത്തി' എത്തി: അസീസ് പറയുന്നു
Mail This Article
അബുദാബി∙ എഴുപതുകാരിയായ കുറുംബക്ക് താൻ കാണുന്നതെല്ലാം സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ടെലിവിഷനിലും സിനിമകളിലും കണ്ടിട്ടുള്ള ഗള്‍ഫ് എന്ന മായിക ലോകത്ത് താനുമൊരിക്കൽ എത്തപ്പെടുമെന്ന് മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിനിയായ വയോധിക സ്വപ്നത്തിൽ വിചാരിച്ചിരിക്കില്ല. ഈ തനി നാടൻ വീട്ടമ്മയെ ഇവിടെയെത്തിച്ചത് മറ്റാരുമല്ല, കഴിഞ്ഞ 34 വർഷമായി അബുദാബിയിൽ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ഇവരുടെ അയൽവാസി അബ്ദുൽ അസീസ് കാളിയാടൻ.
കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ അബ്ദുൽ അസീസിന്‍റെ ഭാര്യയോടും രണ്ട് പെൺമക്കളോടുമൊപ്പം വിമാനിമിറങ്ങിയ കുറുംബ തന്നെത്തന്നെ ഒന്നു നുള്ളി നോക്കി. ഈ ഞാനെവിടെയാണ് ഭഗവതീ എന്ന് സ്വയം ആലോചിച്ചു. തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിലുണ്ടായിരുന്ന, താൻ മകനെപ്പോലെ കാണുന്ന അബ്ദുൽ അസീസിനെ ആനന്ദാശുശ്രക്കളാൽ അവർ ആലിംഗനം ചെയ്തു.
∙ 10 മക്കൾ; എല്ലാവരേയും പോറ്റിവളർത്തിയത് കുറുംബ
അബ്ദുൽ അസീസിന്‍റെ അയൽക്കാരിയാണ് കുറുംബ. തങ്ങളുടെ കുടുംബം തന്നെയാണ് കുറുംബിയേട്ടത്തിയുടേത് എന്ന് അബ്ദുൽ അസീസ് പറയുന്നു. കാളിയാടൻ മൊയ്തീൻ–ആയിഷക്കുട്ടി ദമ്പതികള്‍ക്ക് 14 മക്കളായിരുന്നു. ഇതില്‍ 4 പേർ മരിച്ചുപോയി. തറവാട്ടുവീട്ടിൽ എന്തു വിശേഷമുണ്ടെങ്കിലും അയൽപ്പക്കത്തെ അയ്യപ്പേട്ടനും കുടുംബവും കൂടെയുണ്ടാകും, വീട്ടംഗങ്ങളെപ്പോലെ. പെരുന്നാളാണേലും വിഷുവാണേലും എല്ലാവരും ഒന്നിച്ചാഘോഷിക്കും. താനടക്കം 10 സഹോദരങ്ങളേയും പോറ്റി വളർത്തിയത് കുറുംബിയേടത്തിയാണെന്ന് അബ്ദുൽ അസീസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇദ്ദേഹത്തിന്‍റെ മാതാവാണ് പഴയ സ്നേഹക്കഥകളൊക്കെ കൈമാറിയിരുന്നത്. അബ്ദുൽ അസീസിനും ഭാര്യ മുനീറ, മക്കളായ ഹിബ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇഹ് സാൻ, ഹയാ സുലൈഖ, ഹിൽദ ഫാത്തിമ, മുഹമ്മദ് ഹഫീൽ ഹഫീഖ് എന്നിവര്‍ക്കും മരുമകന്‍ മുഹമ്മദ് മുസമ്മിലിനും കുറുംബേടത്തിയും കുടുംബവും ഏറ്റവും പ്രിയപ്പെട്ടവർ തന്നെ.
∙ ഉമ്മ പറഞ്ഞു, ഓളെയൊന്ന് കൊണ്ടുപോ മോനേ...
അബ്ദുൽ അസീസിന്‍റെ ഉമ്മയ്ക്കാണ് കുറുംബിയെ യുഎഇയിലേയ്ക്ക് കൊണ്ടുവരണമെന്ന ഏറ്റവും വലിയ ആഗ്രഹം. അബ്ദുൽ അസീസിനോട് അവർ എപ്പോഴും പറയുമായിരുന്നു– പാവോല്ലേടാ, നീ ഓളെയൊന്ന് കൊണ്ടുപോ...
ഉമ്മ പറഞ്ഞാൽ അബ്ദുൽ അസീസിന് മറുവാക്കില്ല. ‘‘കാലങ്ങളായി മനസിലുറപ്പിച്ച തീരുമാനത്തിന് ശുഭാന്ത്യമുണ്ടായത് ഇപ്പോഴാണെന്ന് മാത്രം’’– അബ്ദുൽ അസീസ് പറഞ്ഞു. കുടുംബം നാട്ടിൽ നിന്ന് പോരുമ്പോൾ കുറുംബിയേടത്തിയെ കൂടി കൂട്ടാൻ നിർദേശിക്കുകയായിരുന്നു.
∙ അബുദാബിയിലെ മലപ്പുറം ഫെസ്റ്റിലെ വിശിഷ്ടാതിഥി
അബുദാബി കെഎംസിസി നേതാവും സാമൂഹിക–ജീവകാരുണ്യ പ്രവർത്തകനുമാണ് അബ്ദുൽ അസീസ്. തലസ്ഥാന നഗരിയിൽ മലപ്പുറം ഫെസ്റ്റ് നടത്താൻ കെഎംസിസി തീരുമാനിച്ചപ്പോൾ അബ്ദുൽ അസീസ് പറഞ്ഞു:‘‘ എനിക്കൊരു വിശിഷ്ടാതിഥിയെ കൊണ്ടുവരാനുണ്ട്’’. ആരാണ് ആ അതിഥിയെന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. വല്ല സിനിമാ താരങ്ങളോ സാഹിത്യകാരന്മാരോ ആയിരിക്കും എന്നായിരുന്നു അവരുടെ ചിന്ത. സ്വന്തം വീട്ടിനടുത്തെ കുറുംബിയേടത്തിയാണെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം, സന്തോഷം. അങ്ങനെയാണ് കുറുംബിയേടത്തി യുഎഇയിലെത്തിയത്. ഈ മാസം 17നും 18നും അബുദാബിയിൽ നടക്കുന്ന മലപ്പുറം ഫെസ്റ്റിലെ പ്രധാന അതിഥിയായിരിക്കും കുറുംബയേടത്തി. ലോകത്തെ 200 ലേറെ രാജ്യക്കാർ ഒരുമയോടെ ജീവിക്കുന്ന യുഎഇ മുഴുവൻ കണ്ട്, ജൂലൈ അഞ്ചിന് തിരിച്ചു പറക്കുമ്പോൾ ഈ നാടൻ വീട്ടമ്മ എന്തായിരിക്കും ചിന്തിക്കുക– ലോകമേ, നീ ഇത്രമാത്രം സ്നേഹസമ്പൂർണമാണെന്നോ!
English Summary: Kurumba reached UAE from Malappuram; With motherly love beside Abdul Aziz