ADVERTISEMENT

ദുബായ്/അബുദാബി∙ അവധിക്കാല തിരക്ക് കണക്കിലെടുത്ത് യുഎഇ എയർപോർട്ടുകളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലെ സ്മാർട്ട് സേവനങ്ങളും വിപുലപ്പെടുത്തി. അധിക ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

 

ബലിപെരുന്നാൾ, വേനൽ അവധി എന്നിവ പ്രമാണിച്ച് വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരുടെ ഒഴുക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ജൂലൈ ആദ്യ വാരം വരെ തിരക്ക് തുടരുമെന്നാണു പ്രതീക്ഷ.രണ്ടാഴ്ചയ്ക്കിടെ 35 ലക്ഷം യാത്രക്കാരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം പ്രതീക്ഷിക്കുന്നത്.  ദിവസേന രണ്ടര ലക്ഷം പേർ വരെ യാത്രക്കാരായി ഉണ്ടാകും.

 

പെരുന്നാൾ അവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് 3 ലക്ഷം കവിയുമെന്നാണു കണക്കുകൂട്ടൽ. യുഎഇയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരുടെ തിരക്കുകൂടി ഇതിൽ ഉൾപ്പെടും.  കോവിഡിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയതായി ദുബായ് എയർപോർട്ടിലെ ടെർമിനൽ ഓപറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ഈസ അൽ ഷംസി പറഞ്ഞു.

 

ദുബായ് പൊലീസ് ജനറൽ കമാൻഡ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ബാഗേജ് നടപടിക്രമങ്ങൾ, പാർക്കിങ് സേവനങ്ങൾ തുടങ്ങി  നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വർഷം ആദ്യ പാദം വിമാനത്താവളങ്ങളിലൂടെ 3.18 കോടി പേരാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിനെക്കാൾ 1.15 കോടി കൂടുതലാണിത്.

ഓൺലൈൻ ചെക്ക് ഇൻ നവീകരിച്ച് ഇത്തിഹാദ് 

 

അബുദാബി ∙ വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപു തന്നെ പാസ്പോർട്ട്, വീസ പരിശോധനകൾ പൂർത്തിയാക്കുന്ന ഓൺലൈൻ ചെക്ക് ഇൻ സേവനം ഇത്തിഹാദ് എയർവേയ്സ് നവീകരിച്ചു. യാത്ര, വീസ നടപടികൾ പാലിച്ചിട്ടുണ്ടെന്ന് ഓട്ടോ ഡോക് ചെക്ക് സംവിധാനം ഉറപ്പാക്കും. ജൂൺ 20നും സെപ്റ്റംബർ 30നും ഇടയിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ സജ്ജമാണെന്നും അറിയിച്ചു.

 

എയർപോർട്ടിലെ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനായി സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ് സൗകര്യവും ഉപയോഗപ്പെടുത്താം. ഒരിക്കൽ ഓൺലൈനായി ചെക്ക്-ഇൻ ചെയ്‌താൽ ബാഗ് ടാഗ് പ്രിന്റ് ചെയ്യാനും 2 മിനിറ്റിനുള്ളിൽ ബാഗേജ് നടപടികൾ പൂർത്തിയാക്കാനും സാധിക്കും. ഹജ് തീർഥടാകർക്കായി പ്രത്യേക ചെക്ക് ഇൻ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.

English Summary: Facilities at UAE airports have been expanded to accommodate the holiday rush.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com