ADVERTISEMENT

അറഫ(സൗദി)∙ പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ പുതുക്കി അറഫ കണ്ണീരണിഞ്ഞു. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചു ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ്  അറഫ പ്രസംഗം നടത്തി.

 

arafah-sangamam-01
ചിത്രത്തിന് കടപ്പാട്: സബ്ഖ്, സൗദി പ്രസ് ഏജൻസി

ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും നിറഞ്ഞു കവിഞ്ഞിരുന്നു. പരസ്പര സ്‌നേഹത്തിലൂടെ മാത്രമേ ലോകത്തിന് മുന്നോട്ട് പോകാൻ കഴിയുവെന്നും സ്വന്തം നന്മയ്ക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയും പ്രാർഥിക്കണമെന്ന് അറഫ പ്രസംഗത്തിൽ ഡോ.യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് പറഞ്ഞു. കിംവദന്തികൾ ഉപേക്ഷിക്കാൻ തയ്യാറാകണം, ഒരു ദൈവം, ഒരൊറ്റ ജനത എന്ന വിശാലമായ ആശയത്തിലേക്കാണ് നാം യാത്ര ചെയ്യേണ്ടത്. ആരാധനകളിലാണ് ഹാജിമാർ മുഴുകേണ്ടത്. മറ്റുകാര്യങ്ങൾ ഒഴിവാക്കണം.

 

arafah-sangamam-02
ചിത്രത്തിന് കടപ്പാട്: സബ്ഖ്, സൗദി പ്രസ് ഏജൻസി

പ്രസംഗത്തെ തുടര്‍ന്ന് ഹാജിമാർ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅ് ആക്കി നമസ്‌കരിക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മഹാസംഗമ വേദിയായ അറഫയിൽ ഒത്തുകൂടുന്ന വിശ്വാസികൾ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ ഒത്തുചേരും. അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്ന് മുസ്തലിഫയിൽ രാപാർക്കും. നാളെ ബലി പെരുന്നാൾ ദിവസം ബലി കർമവും മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേയ്ക്ക് മടങ്ങും. പ്രാർഥനാ നിർഭരമായ മനസ്സുമായി ദൈവസ്മരണയും ഖുർആൻ പാരായണവും നമസ്കാരവുമായി ഹാജിമാർ മിന ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.

 

കേരളത്തിൽനിന്നും ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണുള്ളത്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്. ദുൽഹജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവഹിച്ച് ഹാജിമാർ മക്കയോട് വിടപറയും.

 

ജൂൺ 28ന് പെരുന്നാളാഘോഷം

 

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ(ജൂൺ 28)യാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛയ്ക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും അതു ശിരസാവഹിച്ച പുത്രന്റെയും ദൈവത്തിന്റെ കൽപന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും  ചരിത്രസ്മരണകളാണ് ഹജും ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹിം പുത്രൻ ഇസ്മായിലിനെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ ദൈവം ഇബ്രാഹിമിനെ പരീക്ഷിക്കുകയായിരുന്നു. മകനെ ബലി നൽകാനായിരുന്നു കൽപന.

 

ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ ദൈവത്തിന്റെ കൽപന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. ഇബ്രാഹിമിന്റെ സന്നദ്ധതയും മകൻ ഇസ്മായീലിന്റെ അനുസരണയും ആത്മ സമർപണവും പരീക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ ദൈവം രണ്ടു പേരോടും കൽപിച്ചു. ആത്മ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com