ADVERTISEMENT

ഉമ്മുൽഖുവൈൻ∙ ആദ്യം കൂട്ടുകാർ ഒന്നാം സമ്മാനം കിട്ടിയെന്ന് വിളിച്ചു പറഞ്ഞു പറ്റിച്ചു. പിന്നീട് യഥാർഥത്തിൽ കിട്ടിയത് അറിയിച്ചപ്പോൾ വിശ്വസിക്കാനേ കൂട്ടാക്കിയില്ല. ബിഗ് ടിക്കറ്റിൽ നിന്നാണെന്ന് പറഞ്ഞ് വിളി വന്നപ്പോഴും കാര്യമാക്കിയില്ല– ഇന്നലെ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് വേണ്ടി ടിക്കറ്റെടുത്ത മകളുടെ ഭർത്താവ് നിഹാൽ പറമ്പത്തിന്റേ(28)താണ് വാക്കുകൾ.സീരീസ് 253ലെ 061908 എന്ന നമ്പരാണ് ഭാഗ്യം കൊണ്ടുവന്നത്. ഉമ്മുൽഖുവൈനിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായ മുഹമ്മദലി വേനലവധി ആഘോഷിക്കാൻ നാട്ടിലായതിനാൽ ഫോൺ വിളികൾ മുഴുവൻ എത്തിയത് ഉമ്മുൽഖുവൈനിലെ കമ്പനിയിൽ പർചേസ് മാനേജരായ നിഹാലിനായിരുന്നു. 

Read also: ‘അമ്മയെ കൊല്ലരുതേ’ എന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടപ്പോൾ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഷാജു


കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള മുഹമ്മദലി വർഷങ്ങളായി വിവിധ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നു. അബുദാബിയിലെയും അൽ െഎനിലേയും വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. നിഹാലാണ് ഒാൺലൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത്. അതിൽപ്പിന്നെ നിഹാൽ തന്നെയായിരുന്നു ഭാര്യാ പിതാവിന് വേണ്ടി ടിക്കറ്റെടുക്കുക. ആദ്യമൊക്കെ ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേർന്നുമായിരുന്നു മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേർന്ന് എടുക്കാൻ തുടങ്ങി. ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടും.

 

  • കൂട്ടുകാരുടെ സന്തോഷം ഫോൺവിളികളായെത്തി

നിഹാൽ തത്സമയ നറുക്കെടുപ്പ് കാണാറില്ലെങ്കിലും കൂട്ടുകാർ മിക്കവരും കാണും. അതിനിടെ കുറേ തമാശകളുണ്ടാകും. ഇന്നലെ ആദ്യം കൂട്ടുകാർ അടിച്ചെടാ മോനേ.. എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഒന്ന് ഞെട്ടി. ഉടനെ തത്സമയ നറുക്കെടുപ്പ് കണ്ടു. അഞ്ചാമത്തേയും ആറാമത്തേയും വിജയികളെ മാത്രമേ അപ്പോൾ പ്രഖ്യാപിച്ചിരുന്നുള്ളൂ. നിരാശയോടെ കാറെടുത്ത് ഒന്നു പുറത്തിറങ്ങിയതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അതാ വീണ്ടും കൂട്ടുകാരുടെ ഫോൺ വിളികള്‍. ഇപ്രാവശ്യം ശരിക്കുമടിച്ചെടാ മോനേ എന്ന് വിളിച്ചുകൂവിയെെങ്കിലും വീണ്ടും കളിപ്പിക്കുകയാണെന്ന് കരുതി ഫോൺ കട്ട് ചെയ്തു. വിളികൾ പല ഭാഗത്ത് നിന്ന് വരാൻ തുടങ്ങിയപ്പോൾ സംശയം തോന്നിത്തുടങ്ങി. നറുക്കെടുപ്പിന്റെ പടങ്ങളും വീഡിയോയും വാട്സപ്പിലൂടെ പ്രവഹിച്ചു. വിജയ നമ്പരിന്റെ സ്ക്രീൻ ഷോട് വരെ എടുത്തയച്ചു. എങ്കിലും വിശ്വസിച്ചതേയില്ല. ഒടുവിൽ ബിഗ് ടിക്കറ്റിൽ നിന്ന് റിചാർഡിൻന്റെയും ബുഷ്റയുടെയും ഫോൺ വന്നപ്പോൾ അവിടത്തെ ഒച്ചയും ബഹളവും കാരണം കേൾക്കാനായില്ല. ആകെ പിരിമുറുക്കമായപ്പോൾ കാർ അരികിൽ നിർത്തി നറുക്കെടുപ്പ് വീഡിയോ പരിശോധിച്ചു സംഗതി സത്യമാണെന്ന് മനസിലാക്കി. ഉടൻ നാട്ടിലെ ഭാര്യാ പിതാവിനെ വിളിച്ച് വിവരമറിയിച്ചു. എല്ലാവർക്കും ഏറെ സന്തോഷമായി.

big-ticket-lottery
(Photo Supplied)

 

സമ്മാനത്തുക നേടിയ കൂട്ടുകാരെല്ലാം സെയിൽസ്, പിആർഒ, മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. മിക്കവരും വിവിധ കാര്യങ്ങൾക്കായി പണം അത്യാവശ്യമുള്ളവർ. എല്ലാവർക്കും ഇതൊരു വലിയ സഹായമാകും. ചിലപ്പോൾ ഒന്നിച്ചോ അല്ലെങ്കിൽ ഒറ്റയ്ക്കോ ബിസിനസ് തുടങ്ങാനാണ് പലരും ആഗ്രഹിക്കുന്നത്.  തന്റെ പങ്ക് ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഹമ്മദലി പറയുന്നു. വിവിധ നറുക്കെടുപ്പുകളുടെ 8 ടിക്കറ്റുകളെങ്കിലും മുഹമ്മദലിയും സംഘവും ആഴ്ചയിൽ എടുക്കാറുണ്ട്. മാസം 25 മുതൽ 30 ടിക്കറ്റുകൾ വരെ. ഇനിയും ഭാഗ്യ പരീക്ഷണം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഉടൻ യുഎഇയിലേയ്ക്ക് മടങ്ങുന്ന മുഹമ്മദലി ഒാഗസ്റ്റ് 3-ന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ സമ്മാനത്തുകയുടെ ചെക്ക് ഏറ്റുവാങ്ങും.

 

ഇൗ നറുക്കെടുപ്പിലും ഒരു ഭാഗ്യശാലി ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും 15 ദശലക്ഷം ദിർഹം നേടുകയും ചെയ്യും. മറ്റ് 9 ഭാഗ്യശാലികൾക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ ലഭിക്കും. 500 ദിർഹമാണ് ബിഗ് ടിക്കറ്റ് ഒരെണ്ണത്തിൻ്റെ വില. 2 എണ്ണം വാങ്ങിയാൽ മൂന്നാമത്തേത് സൗജന്യമായി ലഭിക്കും. അബുദാബി, അൽ െഎൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലും ഒാൺലൈനായും ടിക്കറ്റുകൾ വാങ്ങിക്കാം. വെബ് സൈ്റ്– www.bigticket.ae

English Summary:  Know about the Malayalee who won 34 crores in Big Ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com