ADVERTISEMENT

ദോഹ∙ സംസ്ഥാന പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകുന്നവർക്ക് പെൻഷൻ, ചികിത്സ, വിവാഹം, വിദ്യാഭ്യാസ സഹായങ്ങൾ, പ്രസവ ആനുകൂല്യം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും സഹായങ്ങളും നൽകുന്നു. അംഗവൈകല്യമുള്ളവർക്കും പ്രത്യേക ആനുകൂല്യമുണ്ട്.

 

അപകടത്തിൽ മരിച്ച പ്രവാസികളുടെ കുടുംബത്തിനും സഹായം ലഭിക്കും. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തുന്നവർക്കും ആനുകൂല്യങ്ങളേറെയുണ്ട്.

പ്രവാസി ക്ഷേമ ബോർഡിൽ 3 വിഭാഗങ്ങളായാണ് പ്രവാസികളെ തരംതിരിച്ചിരിക്കുന്നത്.

 

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവരെ കാറ്റഗറി 1-എ, വിദേശത്ത് ചുരുങ്ങിയത് 2 വർഷം ജോലി ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവരെ കാറ്റഗറി 1-ബി, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ 6 മാസത്തിൽ കൂടുതൽ ജോലി ചെയ്യുന്നവരെ കാറ്റഗറി 2-എ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. 

പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകാൻ https://pravasikerala.org/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകാം. ബോർഡിൽ അംഗത്വമെടുക്കാൻ ആവശ്യമായ രേഖകളും ചികിത്സാ സഹായം ലഭിക്കാനുമുള്ള നടപടിക്രമങ്ങളും എന്തൊക്കെ എന്നറിയാം. 

അംഗത്വം എടുക്കാനുള്ള രേഖകൾ

∙ 18– 60 വയസ്സിനിടയിലുള്ളവർക്കാണ് അംഗത്വമെടുക്കാൻ യോഗ്യത. 

∙ കാറ്റഗറി 1-എയിലുള്ളവർ പാസ്‌പോർട്, തൊഴിൽ പെർമിറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,  പാസ്‌പോർട് സൈസ് ഫോട്ടോ, നോമിനിയുടെ പേരും ജനന തീയതി എന്നിവയാണ് നൽകേണ്ടത്.

∙ കാറ്റഗറി 1-ബിയിലുള്ളവർ പാസ്‌പോർട്, വീസ പകർപ്പ്, വിദേശത്ത് 2 വർഷം ജോലി ചെയ്തതിന്റെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ വീസ പകർപ്പ്, 2 വർഷം പ്രവാസി ആയിരുന്നുവെന്നും തിരികെ നാട്ടിൽ സ്ഥിര താമസമാക്കിയെന്നതിന്റെയും രേഖ എംഎൽഎ, എംപി അല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയത്, നോമിനിയുടെ പേരും ജനനതീയതി, പാസ്‌പോർട് സൈസ് ഫോട്ടോ.

∙ കാറ്റഗറി 2 -എയിലുള്ളവർ ജനന സർട്ടിഫിക്കറ്റ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട് സൈസ് ഫോട്ടോ, കേരളീയനെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള, 6 മാസത്തിലധികം താമസിക്കുന്നത് കേരളത്തിന് പുറത്തുള്ള ഏതു സംസ്ഥാനത്താണോ അവിടുത്തെ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം എന്നീ രേഖകളാണ് വേണ്ടത്. 

അടയ്ക്കേണ്ട തുക

കാറ്റഗറി 1-എയിലുള്ളവർ പ്രതിമാസം 350 രൂപയും കാറ്റഗറി 1 -ബി, 2-എ വിഭാഗത്തിലുള്ളവർ 200 രൂപയും അടയ്ക്കണം. ഒരു വർഷത്തേക്ക് ഒരുമിച്ചും അടയ്ക്കാം. 

ചികിത്സാ സഹായം 

ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടി വരുന്ന ഗുരുതരമായ രോഗങ്ങൾക്കാണ് സഹായം ലഭിക്കുക. 

∙ കാറ്റഗറി 1 എയിലുള്ളവർക്ക് പരമാവധി 50,000 രൂപയും 1-ബിയിലുള്ളവർക്ക് 30,000 രൂപ വരെയുമാണ് ചികിത്സാ സഹായമായി ലഭിക്കുന്നത്. 

∙ രോഗിയുടെ അംഗത്വ കാർഡിന്റെ പകർപ്പ്, ചികിത്സ സംബന്ധിച്ച മെഡിക്കൽ രേഖ എന്നിവ സഹിതം വേണം അപേക്ഷിക്കാൻ. പ്രവാസികൾ മെഡിക്കൽ രേഖകൾ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിൽ അറ്റസ്റ്റ് ചെയ്തു വേണം നൽകാൻ. നാട്ടിലെങ്കിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയാൽ മതി. 

∙ സർക്കാർ ആശുപത്രികൾ, സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ചികിത്സയ്ക്കാണ് സഹായം ലഭിക്കുക. 

∙ നോർക്ക റൂട്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവയിൽ നിന്ന് ചികിത്സാ സഹായം ലഭിച്ചവർക്ക് ക്ഷേമബോർഡിന്റെ സഹായം ലഭിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com