ADVERTISEMENT

ദുബായ്∙ ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്.

5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു.

വിദേശികൾക്ക് അവരുടെ രാജ്യത്തു നിന്നു സ്പോൺസറുടെ സഹായമില്ലാതെ വെബ്സൈറ്റ് അല്ലെങ്കിൽ ഐസിപി ആപ് വഴി ദീർഘകാല വീസയ്ക്ക് അപേക്ഷിക്കാം. 

വെബ്സൈറ്റ്: www.icp.gov.ae, ആപ്: UAElCP. ഇവയ്ക്കു പുറമേ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം. 

∙ ചെലവ് 3775 ദിർഹം

3775 ദിർഹമാണ് (ഏകദേശം 84000 രൂപ) വീസാ നിരക്ക്. ഇതിൽ 3025 ദിർഹം ബാങ്ക് സുരക്ഷാ തുകയാണ്. 500 ദിർഹം വീസ വിതരണനിരക്കും 100 ദിർഹം അപേക്ഷാ ഫീസുമാണ്. സ്മാർട് സേവനത്തിനായി 100 ദിർഹവും അതോറിറ്റിയുടെ ഇ-ഇടപാടുകൾക്ക് 50 ദിർഹവും ഈടാക്കുന്നുണ്ട്.

∙ ഫാമിലി ടൂറിസ്റ്റ് വീസ

18 വയസ്സ് തികയാത്ത കുട്ടികളുണ്ടെങ്കിൽ 'ഫാമിലി ടൂറിസ്റ്റ് 'വീസയ്ക്ക് പ്രത്യേകം അപേക്ഷിക്കാം. അപേക്ഷകന്റെ ആറു മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് 5 വർഷ വിനോദ സഞ്ചാര വീസയ്ക്കു സമർപ്പിക്കേണ്ട അടിസ്ഥാന രേഖ. ബാങ്കിന്റെ സീൽ പതിച്ച കളർ സ്റ്റേറ്റ്മെന്റാണ് നൽകേണ്ടത്. 4000 ഡോളർ (3.3 ലക്ഷം രൂപ) ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. 

യുഎഇയിൽ നിന്നുള്ള ഇൻഷുറൻസ് കമ്പനിയുടെ 180 ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടുതൽ തങ്ങാൻ സാധിക്കില്ല. ഒരു തവണ വരുമ്പോൾ 90 ദിവസമാണ് താമസാനുമതിയെങ്കിലും 90 ദിവസം കൂടി നീട്ടാൻ കഴിയും. വീസ അനുവദിച്ച തീയതി മുതലാണ് ഒരു വർഷം കണക്കാക്കുക. നിയമം ലംഘിച്ച് താമസിച്ചാൽ വീസ റദ്ദാക്കും. 

വീസയ്ക്കു സമർപ്പിക്കുന്നതിനു മുൻപ് രേഖകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അപൂർണവും അവ്യക്തവുമായാൽ വീസാ അപേക്ഷകൾ നിരസിക്കും. 30 ദിവസം കഴിഞ്ഞാൽ അപേക്ഷ സ്വയം റദ്ദാകും. മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകൾ 3 തവണ നിരസിച്ചാൽ പുതിയ അപേക്ഷ നൽകേണ്ടി വരും. ആവർത്തിക്കുന്ന അപേക്ഷയിലെ അപാകതകൾക്ക് പിഴയും ഈടാക്കും.

English Summary: Multiple entry tourist visas must be validated within 60 days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com