ഫുട്ബോൾ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം; ഖത്തറും ഇന്ത്യയും വീണ്ടും നേർക്കുനേർ
Mail This Article
ദോഹ∙ ഖത്തറിലെയും ഇന്ത്യയിലെയും കളിയാരാധകരുടെ ആവേശം കൂട്ടി വീണ്ടുമൊരു പോരാട്ടം. 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ഖത്തറും നേർക്കുനേർ വരുന്നു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിലാണ് 2026 ഫിഫ ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് എന്നിവയിലേക്കുള്ള യോഗ്യതാ മത്സരത്തിന്റെ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യയും ഖത്തറും കുവൈത്തുമാണ്.
അഫ്ഗാനിസ്ഥാനും മംഗോളിയയും തമ്മിലുള്ള മത്സരത്തിലെ വിജയിയും ഗ്രൂപ്പ് എയിൽ ഉണ്ടാകും. 9 ഗ്രൂപ്പുകളിലായി 36 ടീമുകളാണ് യോഗ്യതാ മത്സരത്തിനിറങ്ങുന്നത്. നവംബർ 21ന് ഇന്ത്യയിലും 2024 ജൂൺ 11ന് ഖത്തറിലും നടക്കുന്ന മത്സരങ്ങളിലാണ് ഖത്തറും ഇന്ത്യയും തമ്മിൽ മത്സരിക്കുന്നത്. ഈ മാസത്തെ ഫിഫ റാങ്കിങ്ങിൽ 1395.57 പോയിന്റുമായി ഖത്തർ 59-ാം സ്ഥാനത്തും 1208.69 പോയിന്റുമായി ഇന്ത്യ 99-ാം സ്ഥാനത്തുമാണ്.
പോർച്ചുഗീസ് പരിശീലകനായ കാർലോസ് ഖ്വെയ്‌റോസിന്റെ കീഴിലാണ് ഖത്തർ ദേശീയ ടീം അൽ അന്നാബിയുടെ പരിശീലനം. നിലവിലെ എഎഫ്‌സി എഷ്യൻ കപ്പ് ചാംപ്യന്മാർ കൂടിയാണ് ഖത്തർ. 2021 ഫിഫ ലോകകപ്പ് -ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലും ഗ്രൂപ്പ് ഇ യിൽ ആയിരുന്നു ഇന്ത്യയും ഖത്തറും.
2021 ജൂണിൽ ദോഹയിലെ ജാസിം ബിൻ ഹമദ് സ്‌റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തറും ഇന്ത്യയും വീണ്ടും കളിക്കളത്തിൽ ഏറ്റുമുട്ടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ ഇരു ടീമുകളും തമ്മിൽ മത്സര വീര്യം കൂടും.
English Summary: India drawn with Qatar in Group A of FIFA World Cup 2026 AFC qualifiers