അധ്യാപനത്തിലെ രണ്ട് ദശകങ്ങൾ; ദിവേഹി പഠിപ്പിച്ച മാലിയോട് മഹസ്സലാമ പറഞ്ഞ് ദുബായിലെത്തിയ കോഴിക്കോടുകാരൻ
Mail This Article
ദുബായ്∙ വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പുതിയ അധ്യാപകരെ നിയമിക്കാൻ ഏതെങ്കിലും സ്കൂളുകൾ ആഗ്രഹിക്കുന്നുണ്ടങ്കിൽ ഇതറിയുക, പരിചയ സമ്പന്നനായ ഒരു അധ്യാപകൻ ദുബായിൽ നിങ്ങളെയും കാത്തിരിപ്പുണ്ട്. കോഴിക്കോട് കടപ്പുറത്ത് നിന്ന് മാലി ദ്വീപ് വഴി 'ദുബായ്’ തീരത്തെത്തിയ ഷാജി തൊടിയിൽ. അധ്യാപനത്തിൽ 22 വർഷത്തെ പരിചയസമ്പന്നത്തുള്ള ഈ ബയോളജി അധ്യാപകൻ ചില്ലറക്കാരനൊന്നുമല്ല, ഒരു നോവലുകളും ഒരു അനുഭവക്കുറിപ്പും പുസ്തകമായി പ്രസിദ്ധീകരിക്കുകയും മറ്റൊരു നോവലിന്‍റെ രചന പൂർത്തിയാക്കിയിട്ടുള്ള എഴുത്തുകാരൻ കൂടിയാണ്. കോഴിക്കോട് വെള്ളയിൽ കടപ്പുറം സ്വദേശിയായ ഇദ്ദേഹം യുഎഇയിലെ വിദ്യാഭ്യാസ രീതിയിൽ ആകൃഷ്ടനായാണ് ഇവിടെയെത്തിയിരിക്കുന്നത്. ഇന്ത്യയിൽ സിബിഎസ്ഇ കരിക്കുലത്തിലും കേരള– ചെന്നൈ സംസ്ഥാന സിലബസിലും നിരവധി വർഷത്തെ പ്രവീണുമുണ്ട്.
∙ 'ദിവേഹി' പറഞ്ഞ് ഇസ്ലാമിക ചരിത്രം പഠിച്ച്...
മാലിദ്വീപ് വിദ്യഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിൽ 17 ലേറെ വർഷത്തെ ജീവശാസ്ത്രാധ്യാപന പരിചയവുമായാണ് ഷാജി ദുബായ് തീരത്ത് കാല് കുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ലക്ഷദ്വീപ് സമൂഹത്തിന് അതിരായ മിനിക്കോയ് ദ്വീപിനിപ്പുറം ഇന്ത്യൻ മഹാസമുദ്രത്തിൽ പടർന്ന് കിടക്കുന്ന ദ്വീപ് രാഷ്ട്രമാണ് മാലിദ്വീപ്. ബ്രിട്ടിഷുകാർ കൈവശം വച്ച പ്രദേശമായതിനാൽ തന്നെ അവിടുത്തെ വിദ്യഭ്യാസ രീതിയും ഇംഗ്ലീഷ് അധിഷ്ഠിതമാണ്. യുകെ കരിക്കുലമാണ് ഇവരും പിന്തുടരുന്നത്.
ദ്വീപ് ഭാഷയായ 'ദിവേഹി' യും സംസ്കാരം, മതം എന്നിവ പഠിപ്പിക്കാൻ 'ഇസ്ലാമിക ചരിത്രവും' ഒഴികെ ബാക്കി വിഷയങ്ങൾ എല്ലാം ഇംഗ്ലീഷിലാണ്. 9, 10ക്ലാസുകളിൽ ഐജിസിഎസ്ഇ യുകെ നേരിട്ട് പരീക്ഷകൾ നടത്തുന്നു. ഇത് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ ബിടിഇസി ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയും വ്യാപകമായി തന്നെയുണ്ട്. മാലി വിദ്യഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ദ്വീപുകളിലെ സ്കൂളുകൾ എന്നാൽ തലസ്ഥാനമായി മാലി സിറ്റിയിലും ഹുളുമാലിയിലും പത്തിരുപത് പ്രൈവറ്റ് സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ബില്ലബോങ് പോലുള്ള ചില രാജ്യാന്തര സ്കൂളുകളും ഇവിടെയുണ്ട്.
∙ ഡോക്ടറാകാൻ ആഗ്രഹിച്ചു; അധ്യാപകനായി ദ്വീപിൽ
ഫിഷറീസ് സ്കൂൾ, ദേവഗിരി സെന്റ് ജോസഫ് കേളേജ് എന്നിവിടങ്ങളിൽ പഠിച്ച ശേഷം സുസുവോളജി ബിരുദം സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് നേടി. തുടർന്ന് ബിരുദാനന്തര ബിരുദവും ബിഎഡും ഫറൂക്ക് കോളജിൽ നിന്നും. പലരേയും പോലെ സെക്കൻഡ് ഗ്രൂപ്പ് എടുത്ത് പഠിച്ചത് ഡോക്ടറാകാനുള്ള മോഹം കൊണ്ടാണ്.
പക്ഷേ അത് കിട്ടാക്കനി ആയപ്പോൾ അന്നത്തെ സാമ്പത്തിക സ്ഥിതിയിൽ ബിരുദത്തിന് പോവുക എന്നതായിരുന്നു അടുത്ത പടി. അങ്ങനെ തേവര സേക്രഡ് ഹാർട്ട് കലാലയത്തിൽ സുവോളജി ബിരുദത്തിന് ചേർന്നു. ഇന്നത്തെ പോലെ വഴി തിരിച്ച് വിടാനോ കരിയർ ഗൈഡൻസിനോ ആരുമില്ലാത്തത് കൊണ്ട് നേരെ ബിരുദാനന്തരബിരുദത്തിന് ഫാറൂക്ക് കോളജിലേയ്ക്ക്.
Read also: ഉൽക്കമഴ കാണാൻ ഉറക്കമൊഴിഞ്ഞ് പ്രവാസികൾ
യഥാർഥത്തിൽ പ്രഫ. എസ് കൃഷ്ണയ്യർ ആണ് ഫറൂക്ക് ട്രെയ്നിങ് കോളേജിലെ ബിഎഡ് കോഴ്സിന് ചേരാൻ വഴി കാട്ടിയതെന്ന് ഷാജി ഓർക്കുന്നു. ആദ്യത്തേയും അവസാനത്തേയും ഗുരു അദ്ദേഹം തന്നെ. ആദ്യത്തെ അധ്യാപന കളരി എംഇഎസ് രാജാ സിബിഎസ് ഇ സ്കൂൾ പാവങ്ങാട്. തുടക്കം 1993 ഒക്ടോബറിൽ. അവിടിന്നിങ്ങോട്ട് അധ്യാപനം തന്നെ ജീവശ്വാസവും ജീവനോപാധിയും. 1997വരെ അത് തുടർന്നു. 2005 ൽ ചെന്നൈ വില്ലി വക്കത്ത് ഔർ ലേഡി വേളാങ്കണ്ണി സ്കൂളിൽ അധ്യാപകനായി. 2006 മുതൽ 2023 ജൂലൈ വരെ 17 കൊല്ലം മാലിദ്വീപ് വിദ്യഭ്യാസ മിനിസ്ട്രിയുടെ കീഴിൽ സയൻസ് അധ്യാപകൻ. ഇക്കാലയളവിൽ വകുപ്പ് മേധാവി, സെഷൻ ഇൻ ചാർജ്, പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ടിക്കാൻ അവസരം ലഭിച്ചു.
∙ നാക്കിൽ ഗുളികൻ കയറി; യുഎസ് മോഹം പൊലിഞ്ഞു
ഇതിനിടയ്ക്ക് വേറെ പലതും സംഭവിച്ചിരുന്നു. സ്വാഭാവികമായും ഉയർന്ന ജീവിത നിലവാരവും അതിനനുസരിച്ച ചെലവും പിന്നെ ഉയരങ്ങൾ തേടാനുള്ള അഭിനിവേശത്താലും യുഎസ്, യു കെ പിന്നെ യുഎഇ എന്നിവടങ്ങളിലൊക്കെ ജോലിക്കായി ശ്രമിച്ചിരുന്നു. പലതും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. യുകെയിൽ വിസിറ്റ് വീസ സംഘടിപ്പിക്കാനുള്ള ശ്രമം സാങ്കേതിക കാരണങ്ങളാൽ തിരസ്കരിക്കപ്പെട്ടു. വളരെ നാളത്തെ ശ്രമത്തിന് ശേഷം യുഎസിൽ ജോലി ലഭിച്ചെങ്കിലും യുഎസ് എംബസി ഇന്റർവ്യൂ സമയത്ത് നാക്കിൽ ഗുളികൻ കയറി ഉടക്കി ചെറിയ ഒരു നാക്ക് പിഴ അത് അവിടെ തീർന്നു. പിന്നെ കുറേ കാശും പോയിക്കിട്ടി.
∙ കുറേ പറയാനുണ്ട്, യുഎഇ കടപ്പുറത്ത് എത്തിയ കഥ
‘‘2019 ൽ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി വിദേശ ഏജൻസികളും ഇന്ത്യൻ ഏജസികളും ചേർന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ അധ്യാപക നിയമനം നടക്കുന്നു. ഞാനും സഹപ്രവർത്തകൻ ജസ്റ്റിനും അപേക്ഷിച്ചു. രണ്ട് പേരും മാലിദ്വീപ് സ്കൂളിൽ നിന്ന് ലീവെടുത്ത് ഡൽഹിക്ക് പറന്നു. വിമാനത്താവളത്തിൽ വേറെയും മാലിദ്വീപ് ടീചർമാരുണ്ട്. ഇന്റർവ്യൂ നടക്കുന്ന സെവൻസ്റ്റാർ ഹോട്ടലിൽ പരിഷ്കൃത വേഷധാരികളായ ആൺ പെൺ ടീച്ചർമാർ പിന്നെ വിദേശ റിക്രൂട്ടിങ് അഡ്മിൻ ഒരു ഉൽസവത്തിനുള്ള ജനങ്ങൾ ഉണ്ട് അവിടെ.
ആദ്യപടി എഴുത്ത് പരീക്ഷ ആ കടമ്പ കടന്നാൽ ഇന്റർവ്യൂ. ഞങ്ങൾ മൂവരിൽ ടെസ്റ്റ് പാസായത് ഞാൻ മാത്രം. അവർ വിഷമത്തോടെ എനിക്ക് ഭാവുകങ്ങൾ നേർന്ന് റൂമിലേയ്ക്ക് മടങ്ങി. ഇന്റർവ്യൂ കഴിഞ്ഞ് ഞാനും റൂമിലെത്തി. യുദ്ധം ജയിച്ച വീരനെ പോലെ അവർ എന്റെ ഭാഗ്യത്തെ ശ്ലാഘിച്ചു. അടുത്ത ദിവസം മടക്കം. ഓഫർ ലെറ്റർ വരുന്നതും കാത്ത് ദിവസവും പല പ്രാവശ്യം ജിമെയിൽ തുറന്നു നോക്കി മാസങ്ങൾ പോയിട്ടും നിയമന അറിയിപ്പ് വന്നില്ല.
സ്വപ്നച്ചെടിയിലെ പൂമൊട്ടൊന്നും വിടർന്നില്ലെന്നും അത് വാടിക്കരിഞ്ഞെന്നുമാണ്’’ ഇതേക്കുറിച്ച് ഷാജി വിവരിക്കുന്നത്. എന്നാൽ മരുഭൂമിയിൽ പെയ്ത പുതുമഴ പോലെ കഴിഞ്ഞ ഏപ്രിലിൽ യുഎഇ മിനിസ്ട്രിയിൽ നിന്ന് ഇ–മെയിലെത്തി. 2023 അധ്യയന വർഷം ഒരുപാട് ഒഴിവുകൾ ഉണ്ട്, താല്പര്യമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ഇതേസമയം മാലിദ്വീപിലെ അവസ്ഥയും മോശമായി തുടങ്ങിയിട്ടുണ്ടായിരുന്നു. ദേശീയവൽക്കരണത്തിന്റെ ഭാഗമായി ദീർഘകാലം പയറ്റി തെളിഞ്ഞ അധ്യാപകരെ നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നു. ഇനി നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ, രണ്ട് ദശകത്തോളം നീണ്ട ദ്വീപ് വാസത്തിന് ശേഷം മാലിദ്വീപിനോട് മഹസ്സലാമ പറഞ്ഞു.
∙ ദ്വീപിൽ നിന്നെത്തിയ യുഎഇ പ്രതീക്ഷകൾ
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുമ്പോൾ തന്നെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണ് തോന്നിയത്. എല്ലാ നടപടിക്രമങ്ങൾക്കും ഏറെ സുതാര്യത. സുഗമമായി അത് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ കാണുന്നവരിലേറെയും ചിരിക്കുന്ന മുഖങ്ങൾ. അതിൽ തന്നെ മിക്കതും മലയാളികൾ. മാലിദ്വീപിൽ കാണാത്ത കാഴ്ചകളാണിതൊക്കെ.
വൃത്തിയുള്ളതും കുണ്ടും കുഴിയുമില്ലാത്തതുമായ റോഡുകളും മനോഹരമായ പാതയോരങ്ങളും മനസിനെ സന്തോഷിപ്പിച്ചു. പാതകൾക്കിരുവശവും കാൽ നടക്കാർക്കും ഇരുചക്രങ്ങൾക്കും വേറെ വേറെ ലെയ്നുകൾ. എന്തിന് റോഡിലും ബസിലും ബസ് സ്റ്റോപിലും അംഗപരിമിതരെ കൂടി ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ. ആ സമൂഹിക പതിബന്ധത ആരും തന്നെ ഉള്ളിൽ കുറിച്ചിടും. ഏത് രാജ്യക്കാർക്കും തങ്ങൾക്കിഷ്ട പെട്ട ഭക്ഷണങ്ങൾ അവരുടെ പോക്കറ്റിനിണങ്ങിയ രീതിയിൽ എവിടെയും ലഭിക്കും. ഭക്ഷണശാലകൾ മിക്കവാറും മലയാളികളുടെ കൈകളിലാണ്.
എന്തിന് കേരളത്തിൽ നിന്ന് വന്നവർക്ക് യഥേഷ്ടം മലയാളത്തിൽ ആശയവിനിമയം നടത്താം. നല്ല ഒരു കൂട്ടം കോടീശ്വരൻമാർ തൊട്ട് താഴോട്ട് എല്ലാ തട്ടിലും മലയാളികൾ. മലയാളം ഗൾഫ് ടെലിവിഷൻ ചാനൽ മുതൽ മലയാളം റേഡിയോ എഫ്എം–കൾ വരെ. അങ്ങനെ എല്ലായിടത്തും മലയാളിമയം. ഇത്തരമൊരു രാജ്യത്ത് തന്‍റെ പരിചയസമ്പത്ത് ഉപയോഗിക്കാൻ ഏതെങ്കിലും സ്കൂൾ തന്നെ വിളിക്കാതിരിക്കില്ലെന്നാണ് ഷാജിയുടെ പ്രതീക്ഷ. ഫോൺ:+971523589100.
English Summary: Story of a Malayali teacher in dubai