ADVERTISEMENT

അബുദാബി∙ രാജ്യാന്തര ഏജൻസികളുടെ സഹകരണത്തോടെ 521 കള്ളപ്പണ വെളുപ്പിക്കൽ കേസുകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രലായം. രാജ്യാന്തര കുറ്റവാളികളായ 387 പേരെ അറസ്റ്റ് ചെയ്തു. കണ്ടെത്തിയ കേസുകളിൽ നിന്നായി 400 കോടി ദിർഹത്തിന്റെ കള്ളപ്പണം പിടിച്ചെടുത്തതായും മന്ത്രാലയം അറിയിച്ചു. രണ്ടു വർഷത്തിനിടെ പിടികൂടിയ കേസുകളുടെ എണ്ണമാണിത്. പണത്തിന്റെ ഉറവിടം, പണം സഞ്ചരിച്ച വഴികൾ, ഗുണഭോക്താക്കൾ, കുറ്റവാളികളുടെ ശൃംഖല എന്നിവ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവന്നതായി മന്ത്രാലയം അറിയിച്ചു. ഇന്റർപോൾ, യുറോപോൾ, ദ് ഗൾഫ് പൊലീസ് അതോറിറ്റി, അമൻ ഇന്റർനാഷനൽ നെറ്റ്‌വർക്ക് തുടങ്ങിയ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസികൾ ഈ ഓപ്പറേഷനിൽ സഹകരിച്ചു. 

കള്ളപ്പണക്കാരെ നിയമപരമായി നേരിടാൻ വിവിധ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വിവിധ അന്വേഷണ ഏജൻസികളുമായി യുഎഇ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പണം കണ്ടുകെട്ടൽ എന്നിവ ലക്ഷ്യമിട്ടു നടത്തിയ അന്വേഷണങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി മേൽനോട്ടം വഹിച്ചു. സമാന്തര സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസുമായി സഹകരിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കായി കള്ളപ്പണ വെളുപ്പിക്കൽ, തീവ്രവാദപണം എന്നിവ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക പരിശീലന ക്ലാസ് നൽകിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട 116 ഉദ്യോഗസ്ഥർ ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു. 

കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ ഏറ്റവും നൂതുനമായ സാങ്കേതിക സംവിധാനമാണ് അന്വേഷണ സംഘം ഉപയോഗിക്കുന്നത്.വിവര ശേഖരണത്തിനും പണം കൈമാറ്റം തടയുന്നതിനും മികച്ച സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്.

Read also: ഇന്ത്യയിലേക്ക് യുപിഐ ഇടപാട് നടത്തുമ്പോൾ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും

 

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒരു വർഷത്തിനിടെ 1628 ഇന്റലിജൻസ് റിപ്പോർട്ടുകളാണ് രാജ്യാന്തര ഏജൻസികളുമായി യുഎഇ പങ്കുവച്ചത്. രാജ്യാന്തര ഏജൻസികളുമായുള്ള സഹകരണം ആഭ്യന്തരതലത്തിലും രാജ്യാന്തര തലത്തിലും കള്ളപ്പണ വേട്ടയ്ക്ക് സഹായകരമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ലഫ്.ജന. ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 

 സമാന്തര സമ്പദ് വ്യവസ്ഥയെ തടയുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും രാജ്യാന്തര വ്യാപാര രംഗത്തും സഹകരണം ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, യുഎഇ സെൻട്രൽ ബാങ്ക്, നിയമകാര്യ മന്ത്രാലയം, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, ഫെഡറൽ ടാക്സ് അതോറിറ്റി എന്നീ വകുപ്പുകൾ ഏകീകരിച്ചാണ് കള്ളപ്പണ വേട്ട നടത്തുന്നത്.

English Summary: 387 persons arrested in 521 money laundering cases.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com