ADVERTISEMENT

ദോഹ∙ തെക്കൻ ജില്ലക്കാരായ ദോഹയിലെ പ്രവാസികളുടെ വർഷങ്ങൾ നീണ്ട വിമാനയാത്രാ ദുരിതത്തിന് ആശ്വാസമായി ദോഹ-തിരുവനന്തപുരം സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്‌സ്പ്രസ്. ഒക്‌ടോബർ 29 മുതൽ സർവീസ് ആരംഭിക്കും.

ആഴ്ചയിൽ 4 ദിവസമാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് പ്രഖ്യാപിച്ചത്. എയർലൈൻ ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ നോൺ സ്‌റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വർഷങ്ങളായി കടുത്ത യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർ, തമിഴ്‌നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ പ്രയോജനം ചെയ്യുന്നത്. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനങ്ങളും പരാതികളും നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ നിരാശരായിരുന്ന തെക്കൻ ജില്ലക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നതെന്ന് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് യൂസേഴ്‌സ് ഫോറം ഇൻ ഖത്തർ (തൗഫിഖ്) ജനറൽ കൺവീനർ തോമസ് കുര്യൻ നെടുംതറയിൽ പറഞ്ഞു. 

തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരമാണ് പുതിയ പ്രഖ്യാപനം. തടസ്സസമില്ലാതെ സർവീസ് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷയെന്നും തോമസ് കുര്യൻ പറഞ്ഞു. 

നിലവിൽ കോഴിക്കോട് വഴിയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ  സർവീസ്. ഖത്തർ എയർവേയ്‌സ് മാത്രമാണ് നേരിട്ട് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നതെങ്കിലും ടിക്കറ്റ് നിരക്ക് താങ്ങാനാകാത്തതിനാൽ സാധാരണക്കാരായ പ്രവാസികൾ കണക്‌ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. 

നേരിട്ടുള്ള വിമാനത്തിൽ നാലര മണിക്കൂറിൽ നാട്ടിലെത്തിയിരുന്ന തെക്കൻ ജില്ലക്കാർക്ക് കണക്‌ഷൻ വിമാനങ്ങളിൽ  നാട്ടിലെത്താൻ മണിക്കൂറുകളാണ് വേണ്ടിവരുന്നത്. കണക്‌ഷൻ വിമാനങ്ങളിൽ യാത്രാ ചെലവേറുമെന്നതിനാൽ 2 വർഷത്തിൽ ഒരിക്കൽ പോലും നാട്ടിലേക്ക് അവധിക്ക് പോകാൻ കഴിയാതിരുന്ന പ്രവാസികൾക്ക് പ്രത്യേകിച്ചും  മീൻപിടിത്തം, നിർമാണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരും കുറഞ്ഞ വരുമാനക്കാരുമായ നൂറുകണക്കിന് പേർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ ആശ്വാസമാകുന്നത്. 

English Summary: Air India Express announced direct flight service from Doha toThiruvananthapuram. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com