ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് ദുബായിലെ മലയാളി വ്യവസായ സംഘം
Mail This Article
ദുബായ് ∙ യുഎഇയിലെ ബിസിനസുകാരുടെ സംഘം സാംബിയ, സിംബാബ്‌വെ, ബോട്സ്വാന എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു. അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ആഫ്രിക്കയിലെ തെക്കൻ മേഖലയിലെ മലയാളി ബിസിനസുകാരൻ രാമചന്ദ്രൻ ഒട്ടപ്പത്ത്, സഹദേവൻ, ഇമ്മാനുവൽ തുടങ്ങിയവർ സംഘത്തെ സ്വീകരിക്കാനെത്തി. ആഫ്രിക്കൻ ബിസിനസിലെ സാധ്യതളെ കുറിച്ച് മനസ്സിലാക്കാനായി സാംബിയ ഡവലപ്മെന്റ് അതോറിറ്റിയുമായി നടന്ന ചർച്ചയിൽ വാണിജ്യ മന്ത്രി ചിപോക മുലെംഗ, ടൂറിസം മന്ത്രി റൊട്നീ സികുമ്പ, ബോട്സ്വാനയിലെ ഗാബറോണിൽ നടന്ന ചർച്ചയിൽ സംരംഭക വകുപ്പ് മന്ത്രി കാരബോ ഗാരെ, വ്യവസായ വകുപ്പ് മന്ത്രി മ്മുസി ഗഫെല, ബോട്സ്വാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഭരത് കുമാർ കുത്താട്ടി, ബിസിനസ് ബോട്സ്വാന പ്രസിഡന്റ് ഗോബുസമങ് കീബിനെ എന്നിവരും വാണിജ്യ പ്രമുഖരും സംബന്ധിച്ചു.
ലോകാദ്ഭുതങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടവും ലോകത്തിലെ ഏറ്റവും വലിയ നാഷനൽ പാർക്കുകളിലൊന്നായ ചോബി നാഷനൽ പാർക്ക് തുടങ്ങി ആഫ്രിക്കയിലെ പ്രധാന വിനോദ കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. വിനോദത്തോടൊപ്പം വ്യാപാരവും വിജ്ഞാനവും ഉദ്ദേശിച്ചുള്ള യാത്ര വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് ഗ്രൂപ്പിന്റെ പുതുതായി രൂപീകരിച്ച കൺസോർഷ്യം ചെയർമാനും ബിസിനസുകാരനുമായ ടി.വി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. സിഇഒയും ബിസിനസുകാരനുമായ ഷംസുദ്ദീൻ നെല്ലറ, ബി സ്‌കൂൾ അക്കാദമിക് ഡീൻ ഫൈസൽ പി. സെയ്ദ്, ബി സ്‌കൂൾ ഡയറക്ടർമാരായ ഷിഹാബുദ്ദീൻ പന്തക്കൻ, ജാഫർ മാനു എന്നിവരും നേതൃത്വം നൽകി.