കർവ ടാക്‌സികൾ ഇനി പരിസ്ഥിതി സൗഹൃദം
Mail This Article
ദോഹ∙ പൊതുഗതാഗത കമ്പനിയായ മൊസലാത്തിന്റെ (കർവ) 90% ടാക്‌സികളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് കാറുകൾ. കാർബൺ പ്രസരണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കർവ ടാക്‌സികൾ ഹൈബ്രിഡ് കാറുകളാക്കി മാറ്റുന്നത്. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനം അഭിമുഖീകരിക്കാനുമുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളെ പിന്തുണയ്ക്കാനാണ് കർവ ടാക്‌സികളെ പരിസ്ഥിതി സൗഹൃദമാക്കുന്നത്. നിലവിൽ 90 ശതമാനം കർവ ടാക്‌സികളും ഹൈബ്രിഡ് കാറുകളാക്കി മാറ്റിയതായി കർവ ലൈറ്റ് ട്രാൻസ്‌പോർട് സർവീസ് വിഭാഗം ഓപ്പറേഷൻസ് മാനേജർ നാസർ മമ്ദൗ അൽ ഷമ്മാരി വ്യക്തമാക്കി.
ദോഹ ലിമോസിന് കീഴിലുള്ള ലിമോസിൻ സർവീസിന് വലിയ തോതിൽ വൈദ്യുത കാറുകൾ നൽകി. മുഴുവൻ കർവ ടാക്‌സികളും വൈകാതെ വൈദ്യുതി ടാക്‌സികളാകും. സുസ്ഥിര സഞ്ചാരം ലക്ഷ്യമിട്ട് ഭൂരിഭാഗം ബസുകളും ഇ– ബസുകളാക്കി മാറ്റി. ശബ്ദമലിനീകരണം കുറയ്ക്കുകയും കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. നിരത്തിന്റെ ആവശ്യകതയും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തി പൂർണമായും കസ്റ്റമൈസ് ചെയ്തവയാണ് ഇലക്ട്രിക് ബസുകൾ. ഓട്ടമൊബീൽ രംഗത്തെ ഏറ്റവും നൂതനവും സുരക്ഷിതവുമായ ബാറ്ററി ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ ശരാശരി 200 കിലോമീറ്ററിലധികം ഓടിക്കാം. പരമ്പരാഗത വാഹന വ്യൂഹങ്ങളെ പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റി കാർബൺ പ്രസരണം കുറയ്ക്കുന്നതിനായി മൊസലാത്ത് വലിയതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ കാലാവസ്ഥാ നിലവാരം മെച്ചപ്പെടുത്താനും ഹൈഡ്രോകാർബൺ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയിൽ നിന്ന് ഹരിത ഭാവിയിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുകയുമാണ് ലക്ഷ്യം.