ADVERTISEMENT

അബുദാബി ∙ ചൂടിൽനിന്ന് തണുപ്പിലേക്കു മാറിയതോടെ പകർച്ചപ്പനി (ഇൻഫ്ലുവൻസ–ഫ്ലൂ) പിടിമുറുക്കുന്നു. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവി വേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദിവസേന ഒട്ടേറെ പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി എത്തുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. പകർച്ചപ്പനിക്കെതിരെ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു.

ശൈത്യകാലത്ത് പൊതുവെ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ഫ്ലൂ പെട്ടന്നു പിടിപെടും. ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം.  പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിൽ വിടരുതെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട ക്ലാസ് മുറികളിലെ ശ്വസനം രോഗപ്പകർച്ച വ്യാപകമാക്കുന്നതിനാലാണ് നിയന്ത്രണം.  

∙ മുൻകരുതൽ
ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ളവർ സ്കൂളിലും ഓഫിസിലും പോകാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാമെന്നു ഡോക്ടർമാർ പറയുന്നു. രോഗികൾ തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം.  മതിയായ അളവിൽ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും വേണം. 

∙ ഫ്ലൂ വാക്സീൻ
കുട്ടികൾക്ക് 6 മാസം മുതൽ ഫ്ലൂ വാക്സീൻ നൽകാം. മുൻപ് വാക്സീൻ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം വാക്സീൻ നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ കിട്ടും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന് ലഭിക്കും.

English Summary:

Flu cases are rising in UAE: Symptoms, Treatment, and Prevention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com