ട്രക്ക്, വലിയ ബസ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; നഗരത്തിലും ഫെബ്രുവരി 22 റോഡിലും നിരോധനം
Mail This Article
ദോഹ ∙ ട്രക്കുകള്‍ക്കും 25 യാത്രക്കാരില്‍ കൂടുതലുള്ള ബസുകള്‍ക്കും ദോഹ നഗരത്തിനുള്ളില്‍ തിരക്കേറിയ സമയങ്ങളിലും ഫെബ്രുവരി 22 റോഡില്‍ മുഴുവന്‍ സമയവും നിരോധനം ഏർപ്പെടുത്തി. ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആണ് വിലക്ക് ഏർപ്പെടുത്തിയത്. ട്രക്കുകൾ, 25 യാത്രക്കാരിൽ കൂടുതലുള്ള ബസുകൾ എന്നിവയ്ക്ക് വിലക്കുള്ള സമയങ്ങളിൽ പ്രവേശിക്കാൻ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് എക്‌സെപ്ഷൻ എൻട്രി പെർമിറ്റ് നേടണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
അതേസമയം തിരക്കേറിയ സമയം ഏതൊക്കെയെന്നോ എത്രനാളത്തേക്കാണ് നിരോധനം എന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ട്രക്കുകൾക്കും വലിയ ബസുകൾക്കും ഫെബ്രുവരി 22 റോഡിൽ മുഴുവൻ സമയ വിലക്കാണ് ഏർപ്പെടുത്തിയത്. റോഡിലെ മിസൈമീർ, ഫരീജ് അൽ അലി ഇന്റർസെക്‌ഷനുകളിൽ നിന്ന് ഉം ലഖ്ബ (ലാൻഡ്മാർക്ക്) ഇന്റർചേഞ്ച് വരെ വടക്കോട്ടുള്ള പാതയുടെ ഇരുവശങ്ങളിലുമാണ് നിരോധനം. ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിരോധിത റോഡുകളിൽ പ്രവേശിച്ചാൽ 500 റിയാൽ ആണ് പിഴ.
എക്‌സെപ്ഷൻ പെർമിറ്റിന്
ട്രക്കുകൾക്കും 25 യാത്രക്കാരിൽ കൂടുതലുള്ള വലിയ ബസുകൾക്കും നിരോധിത സമയങ്ങളിൽ യാത്രചെയ്യാനുള്ള എക്‌സെപ്ഷൻ പെർമിറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ട്രാഫിക് ഓപ്ഷനിൽ വെഹിക്കിൾ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ട്രക്ക് പെർമിറ്റ് വിഭാഗത്തിൽ പ്രവേശിച്ച് അപേക്ഷിക്കണം. പ്രൊജക്ട് മാനേജ്‌മെന്റിൽ നിന്ന് എക്‌സെപ്ഷൻ പെർമിറ്റിനുള്ള കത്ത്, സർക്കാർ സ്ഥാപനവുമായുള്ള തൊഴിൽ കരാർ, കമ്പനി റജിസ്‌ട്രേഷൻ കോപ്പി, കാലാവധിയുള്ള വാഹന റജിസ്‌ട്രേഷൻ കോപ്പി എന്നീ രേഖകളാണ് നൽകേണ്ടത്.