27 ഏക്കറിൽ പിങ്ക് മണൽക്കല്ലും മാർബിളും; ലോകം ഉറ്റുനോക്കുന്ന അബുദാബി ശിലാക്ഷേത്രം തുറക്കാൻ 100 ദിവസം, ലോകാത്ഭുതങ്ങളിൽ ഒന്നാകുമോ?
Mail This Article
അബുദാബി∙ ലോകം ഉറ്റുനോക്കുന്ന അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം തുറക്കാൻ ഇനി 100 ദിവസങ്ങൾ മാത്രം. 2019 ഡിസംബറിൽ യുഎഇ തലസ്ഥാനത്ത് നിർമാണം ആരംഭിച്ച ഐതിഹാസിക ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 2024 ഫെബ്രുവരി 14 ന് ഉദ്ഘാടനം നടത്താനാണ് തീരുമാനം.
ക്ഷേത്രം നിർമിക്കുന്ന ബാപ്സ് സ്വാമി നാരായണൻ സൻസ്തയുടെ ആഗോള കൺവീനറായ സദ്ഗുരു സ്വാമി ഈശ്വർചരൻ അടുത്തിടെ ശിഖരങ്ങളിൽ പുഷ്പദളങ്ങൾ വർഷിക്കുന്ന ചടങ്ങ് നടത്തി. സ്വാമി ഈശ്വർചരനും ബാപ്‌സ് ഹിന്ദു മന്ദിറിന്റെ തലവനായ സ്വാമി ബ്രഹ്മവിഹാരിദാസും ക്രെയിൻ ഉയർത്തിയ പെട്ടിയിൽ കയറി. യുഎഇയിലെ ഒരു എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങളെ അനുഗ്രഹിക്കുന്ന ചടങ്ങ് നടത്തി. ലോകമെമ്പാടുമുള്ള ഐക്യത്തിന്റെയും ശാന്തിയുടെയും ഉൾച്ചേർക്കലിന്റെയും പ്രതീകമായി വർത്തിക്കുന്ന ഈ ദിവസം ക്ഷേത്രത്തിന് ഒരു സുപ്രധാന സന്ദർഭമായി അടയാളപ്പെടുത്തി. കരകൗശല വിദഗ്ധർ, സന്നദ്ധപ്രവർത്തകർ, ഭക്തർ, സ്വാമി ഈശ്വരചരൺ എന്നിവരെല്ലാം ഇതിന് സാക്ഷ്യം വഹിക്കുകയും അഭിമാനവും സന്തോഷവും പങ്കിടുകയും ചെയ്തു. മുകളിൽ നിന്ന് നോക്കുമ്പോൾ ക്ഷേത്രം അവിശ്വസനീയവും ഗംഭീരവുമായി തോന്നുന്നുവെന്നായിരുന്നു സ്വാമി ഈശ്വർചരൺ അഭിപ്രായപ്പെട്ടത്.
∙ കാഴ്ചകൾ അതിഗംഭീരം
ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ട് നിർമിച്ച ക്ഷേത്രത്തിന്റെ പ്രവൃത്തിക്കളെക്കുറിച്ച് സ്വാമി ഈശ്വർചരണിനെ അനുഗമിച്ച സ്വാമി ബ്രഹ്മവിഹാരിദാസ് വിശദീകരിച്ചു. മുഴുവൻ സമുച്ചയവും പാർക്കിങ്ങും ചെറിയ പിനാക്കിളുകളുള്ള പ്രധാന കൊടുമുടിയും എല്ലാം അതിശയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ കാഴ്ചയും ഗംഭീരമാണ്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുള്ള പ്രധാന നിമിഷങ്ങൾ തുടങ്ങിയവ കരകൗശല വിദഗ്ധരുടെ സ്മാരക സൃഷ്ടികളിൽ പതിഞ്ഞിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ജോലികൾ ഈശ്വരചരൺ സ്വാമി അവലോകനം ചെയ്യുകയും കരകൗശല വിദഗ്ധരുമായി സംവദിച്ചശേഷം സൈറ്റ് സന്ദർശിക്കുകയും ചെയ്തു. കൈകൊണ്ട് കൊത്തിയ ഈ ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ പങ്കാളികളായ എല്ലാവരുടെയും നിസ്വാർത്ഥ സേവനത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു.
അതേസമയം, ഇന്ത്യയുടെ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം ആഴ്ച ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന്റെ പുരോഗതിയും പദ്ധതികളും യുഎഇ സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അടുത്തകാലത്ത് വിലയിരുത്തിയിരുന്നു. അബുദാബിയിലെ മന്ത്രിയുടെ സ്വകാര്യ റോയൽ മജ്‌ലിസില്‍ ബോച്ചസൻവാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സൻസ്ത( ബാപ്‌സ്) ഹിന്ദു മന്ദിർ മുഖ്യ പുരോഹിതൻ ബ്രഹ്മവിഹാരിദാസ് സ്വാമി മന്ത്രിക്ക് നിർമാണ പുരോഗതി വിശദീകരിച്ചു കൊടുത്തു.
∙ ലോകാത്ഭുതങ്ങളിൽ ഒന്നാകും
മന്ദിറിന്റെ നിർമ്മാണത്തിൽ ഷെയ്ഖ് നഹ്യാൻ സംതൃപ്തി രേഖപ്പെടുത്തുകയും മൂല്യങ്ങൾ, ഐക്യം, സാംസ്കാരിക സമ്പുഷ്ടീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ അഗാധമായ സ്വാധീനം അംഗീകരിക്കുകയും ചെയ്തു. മന്ദിർ ലോകാത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം രൂപപ്പെടുത്തുന്നതിൽ വൈദികരുടെയും സന്നദ്ധപ്രവർത്തകരുടെയും ഗണ്യമായ സംഭാവനകളെ അഭിനന്ദിച്ചു. ബാപ്സ് ഹിന്ദു മന്ദിർ അത് പ്രതിനിധീകരിക്കുന്ന ശാശ്വത മൂല്യങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും മൂർത്തീഭാവമായി നിലകൊള്ളുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവാണ് ഇതിന്റെ നിർമാണം. അതോടൊപ്പം രാജ്യാന്തര സൗഹാർദ്ദം വളർത്തിയെടുക്കുകയും ചെയ്യുന്നു. ചരിത്രപരമായ ഭൂമി സമ്മാനത്തിന് സ്വാമി ബ്രഹ്മവിഹാരിദാസ് നന്ദി പ്രകടിപ്പിക്കുകയും മന്ദിരത്തിന്റെ സ്ഥാപനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിൽ മാത്രമല്ല, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതീകാത്മകവും ചരിത്രപരവുമായ നാഴികക്കല്ലാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു.