ഖത്തർ ബിസിനസ് മാപ്പ് പോർട്ടലിലുണ്ട് സ്ഥാപനങ്ങളുടെ മുഴുവൻ വിവരങ്ങൾ
Mail This Article
ദോഹ ∙ ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും സമഗ്ര വിവരങ്ങളുമായി ഖത്തർ ബിസിനസ് മാപ്പ് പോർട്ടലിന് തുടക്കം. വാണിജ്യ ലൈസൻസുകളുടെയും രേഖകളുടെയും ആധികാരികത പരിശോധിക്കാനും സൗകര്യമായി.
സംരംഭകർക്കും ഉപയോക്താക്കൾക്കും ഗുണകരമാകുന്ന വിധത്തിൽ സമഗ്ര വിവരങ്ങളടങ്ങിയ പോർട്ടലിന് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് തുടക്കമിട്ടത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നിക്ഷേപ ഇൻസന്റീവുകളുടെ സമഗ്ര ഡേറ്റാബേസ് കൂടിയാണിത്. വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ നേടാൻ ഉപയോക്താക്കളെ ഇത് പ്രാപ്തരാക്കും. മന്ത്രാലയത്തിന്റെ ഏകജാലക സംവിധാനം നൽകുന്ന ക്യൂആർ കോഡ് ഉപയോഗിച്ച് വാണിജ്യ രേഖകളുടെയും ലൈസൻസുകളുടെയും സാധുതയും ആധികാരികതയും ഉപയോക്താക്കൾക്ക് പരിശോധിക്കാനുള്ള സൗകര്യവും പോർട്ടലിലുണ്ട്.
സംരംഭകർക്ക് ഉപഭോക്താക്കളിലേക്ക് വേഗമെത്താനും വാണിജ്യ പദ്ധതി തുടങ്ങാൻ മികച്ച ലൊക്കേഷൻ കണ്ടെത്തുന്നതിനും സൈറ്റ് വിശകലനം ചെയ്യാനും പ്രദേശത്ത് വാണിജ്യ പദ്ധതിക്കുള്ള സാധ്യത അളക്കുന്നതിനുമെല്ലാം ഖത്തർ ബിസിനസ് മാപ്പ് പോർട്ടൽ സഹായകമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വാണിജ്യ റജിസ്‌ട്രേഷൻ-ലൈസൻസ് വകുപ്പ് ഡയറക്ടർ അയെദ് അൽ ഖഹ്താനി വാർത്താസമ്മേളനത്തിൽ വിശദമാക്കി.
സാമ്പത്തിക-ധനകാര്യ പ്രവർത്തനങ്ങളിലെ സുതാര്യത ശക്തിപ്പെടുത്താനും സാമ്പത്തിക സ്ഥാപനങ്ങൾ, നിയമ ക്രമീകരണങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ഫ്രീലാൻസർമാർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും നൽകുകയും ഇവ പൊതുജനങ്ങളുടെയും വിവിധ ഓഹരി പങ്കാളികളുടെയും ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുകയാണ് പോർട്ടലിന്റെ ലക്ഷ്യം. നഗരസഭാ അടിസ്ഥാനത്തിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ള സെർച്ച് എൻജിൻ കൂടിയാണിത്.
ലഭ്യമായ വാണിജ്യ പ്രവർത്തനങ്ങൾ, സ്ഥാപനങ്ങൾ, ലൈസൻസുകൾ എന്നിവ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്കുകളാണ് പോർട്ടൽ പ്രദാനം ചെയ്യുന്നത്. കൃഷി, വ്യവസായം തുടങ്ങി വിപണികൾക്ക് ആവശ്യമായ എല്ലാ ബിസിനസ് പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങളും പോർട്ടലിലുണ്ട്. വാർത്താസമ്മേളനത്തിൽ മന്ത്രാലയം ഇൻഫർമേഷൻ സിസ്റ്റം വകുപ്പ് ഡയറക്ടർ അഹമ്മദ് അലി അൽ ഖുവാരി, മീഡിയ വിഭാഗം മേധാവി മുഹമ്മദ് അൽ ഷഹ്രാണി എന്നിവരും പങ്കെടുത്തു.