എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ടീമുകളുടെ ഡ്രോ നാളെ
Mail This Article
ദോഹ ∙ ആറാമത് എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ടീമുകളുടെ ഔദ്യോഗിക ഡ്രോ നാളെ ദോഹയിൽ നടക്കും. വ്യാഴാഴ്ച പ്രാദേശിക സമയം 12.00ന് വെസ്റ്റ് ബേയിലെ വിൻധാം ദോഹ ഹോട്ടലിലെ ബുസ്താൻ ബോൾറൂമിൽ നടക്കുന്ന ചടങ്ങിലാണ് നറുക്കെടുപ്പ്.
ഏഷ്യയിലെ അണ്ടർ 23 വിഭാഗത്തിലെ 16 മുൻനിര ടീമുകളാണ് അടുത്ത വർഷം ഏപ്രിൽ 15 മുതൽ മെയ് 3 വരെ ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ മത്സരിക്കുക. ആതിഥേയരെന്ന നിലയിൽ ഖത്തർ നേരത്തെ തന്നെ ടൂർണമെന്റിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. പോട്ട് ഒന്നിൽ ഖത്തർ, സൗദി അറേബ്യ, ഉസ്‌ബക്കിസ്ഥാൻ, ജപ്പാൻ, പോട്ട് രണ്ടിൽ ഓസ്ട്രേലിയ, ഇറാഖ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, പോട്ട് മൂന്നിൽ തായ്‌ലൻഡ്, ജോർദാൻ, യുഎഇ, കുവൈത്ത്, പോട്ട് നാലിൽ മലേഷ്യ, താജിക്കിസ്ഥാൻ, ഇന്തൊനീഷ്യ, ചൈന എന്നിങ്ങനെയാണ് ഫൈനൽ ഡ്രോയ്ക്കുള്ള സീഡുകൾ. 16 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. വൺ-റൗണ്ട് ലീഗ് ഫോർമാറ്റിലാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ ക്വാർട്ടർ ഫൈനലുകളിൽ മത്സരിക്കും.
എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ഖത്തറിലെ ആദ്യ 3 ജേതാക്കൾക്ക് അടുത്ത വർഷം പാരീസിൽ നടക്കുന്ന ഒളിംപിക് ഗെയിംസിലേക്കുള്ള പ്രവേശനം കൂടിയാണ് ലഭിക്കുന്നത്. നാലാം സ്ഥാനക്കാർ കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോളിലെ (കാഫ്) ടീമുകളിലൊന്നുമായി പ്ലേ-ഓഫ് മത്സരവും കളിക്കും. ഒളിംപിക്‌സിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരം കൂടിയാണിത്. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരത്തിനും ഖത്തർ ആണ് വേദി.