വീട്ടുജോലിക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രം; വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ പരസ്യത്തിനെതിരെ മുന്നറിയിപ്പ്
Mail This Article
അബുദാബി ∙ വീട്ടുജോലിക്കാരെ നൽകാമെന്ന വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ പരസ്യത്തിനെതിരെ മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴി മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി. വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെ പരസ്യങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രാജ്യത്ത് 103 അംഗീകൃത റിക്രൂട്ടിങ് ഏജൻസികളുണ്ട്. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങളിലൂടെ നിയമാനുസൃതമായി മാത്രമേ തൊഴിലാളികളെ നിയമിക്കാവൂ.
അനധികൃത നിയമനം നടത്തിയാൽ ഒരുതരത്തിലുമുള്ള നിയമപരിരക്ഷയും ലഭിക്കില്ലെന്നു ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ അംഗീകൃത റിക്രൂട്ടിങ് ഓഫിസുകളിൽ 34 ശതമാനവും ലൈസൻസ് നേടിയത് കഴിഞ്ഞ വർഷമാണ്. ഇതിൽ 35 റിക്രൂട്ടിങ് ഓഫിസുകൾ അബുദാബിയിലും അൽഐനിലുമായി പ്രവർത്തിക്കുന്നു. അബുദാബിയിൽ 18, അൽഐനിൽ 16, അൽ ദഫ്റയിൽ 1 എന്നിങ്ങനെയാണ് ഏജൻസികളുടെ എണ്ണം. ദുബായ് എമിറേറ്റിൽ 28 ഓഫിസുകളുണ്ട്. ഷാർജയിലുള്ള 7 അംഗീകൃത റിക്രൂട്ടിങ് ഓഫിസുകളിൽ അഞ്ചും നഗരപരിധിയിലാണ്. എമിറേറ്റിന്റെ ഭാഗമായ കൽബയിലും ഖോർഫുഖാനിലുമാണ് മറ്റ് ഓഫീസുകൾ. അജ്മാനിൽ 15, റാസൽഖൈമ 11 വീതം ഓഫിസുകളുണ്ട്. ഫുജൈറയിലുള്ള ആറെണ്ണത്തിൽ നാലും നഗരത്തിലാണ്. കൂടാതെ ദിബ്ബ, മസാഫി മേഖലയിൽ ഓരോ ഓഫിസുകളുണ്ട്. ഉമ്മുൽഖുവൈനിൽ ഒരു റിക്രൂട്ടിങ് ഓഫിസിനു മാത്രമാണ് അംഗീകാരം ലഭിച്ചത്.
അതേസമയം, ചട്ടം ലംഘിച്ച് പ്രവർത്തിച്ച 2 റിക്രൂട്ടിങ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരുടെ വീസ നടപടികൾ പൂർത്തിയാക്കാൻ അധികൃതർ സാവകാശം നൽകി. തൊഴിലാളികളുമായുള്ള കരാർ നിലനിൽക്കുന്ന കാലയളവു വരെ അവരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ സ്ഥാപന ഉടമകളോട് മന്ത്രാലയം നിർദേശിച്ചു. നിയമ ലംഘനം പതിവാക്കിയ സ്ഥാപനങ്ങൾക്കെതിരെ ആദ്യഘട്ടത്തിൽ പിഴ ചുമത്തും.
വീട്ടുകാർ തൊഴിലാളിയെ റിക്രൂട്ടിങ് സ്ഥാപനത്തിൽ തിരിച്ചേൽപിച്ചാൽ അടച്ച തുക മൊത്തമായോ ഭാഗികമായോ തിരിച്ചു നൽകണം. അല്ലെങ്കിൽ 2000 ദിർഹം പിഴ നൽകണം. റിക്രൂട്ടിങ് ഏജൻസി നൽകിയ തൊഴിലാളി ജോലിക്കെത്തുന്നില്ലെന്ന കാര്യം അറിയിച്ചാലും പണം തിരികെ നൽകണം. നിയമപരമല്ലാത്ത തുക ഏജൻസികൾ സ്പോൺസർമാരിൽ നിന്ന് ഈടാക്കിയതായി തെളിഞ്ഞാൽ 5000 ദിർഹമാണ് പിഴ. അനുമതി കൂടാതെ വ്യക്തികളോ സംഘങ്ങളോ സ്ഥാപനങ്ങളോ ലേബർ റിക്രൂട്ടിങ് രംഗത്ത് പ്രവർത്തിച്ചാൽ 10,000 ദിർഹമാണ് പിഴ. ഈ കേസ് കോടതിയിലെത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവും രണ്ടു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും.