ADVERTISEMENT

ദുബായ് ∙ യുഎഇയുടെ 52-ാമത് ദേശീയ ദിനം നാളെ ( 2) ആഘോഷിക്കും. ഓരോ എമിറേറ്റുകളും യുഎഇ രൂപീകരണത്തെ അനുസ്മരിക്കുന്ന ആഘോഷങ്ങൾക്കായി ഒരുക്കം പൂർത്തിയാക്കി. സർക്കാർ കേന്ദ്രങ്ങളിലും ഓഫിസുകളിലും കൂടാതെ, സ്വകാര്യ സ്ഥാപനങ്ങളും മലയാളികളടക്കമുള്ള സംഘടനകളും ആഘോഷ പരിപാടികൾ ഒരുക്കുന്നു. വിവിധ നഗരങ്ങളിലെ കെട്ടിടങ്ങളും തെരുവുകളും ചതുർവർണ വെളിച്ചങ്ങളാൽ അലങ്കരിച്ചിട്ടുമുണ്ട്. മൂന്ന് ദിവസം നീണ്ട വാരാന്ത്യത്തോടെയാണ് ഇപ്രാവശ്യത്തെ ആഘോഷ പരിപാടികള്‍.

 ∙ വിവിധ എമിറേറ്റുകളിൽ നടക്കുന്ന പ്രധാന പരിപാടികൾ

അബുദാബി – ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ: അബുദാബിയിലെ അൽ വത്ബയിൽ നടന്നുകൊണ്ടിരിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ അനാവരണം ചെയ്തു.  മൂന്ന് ദിവസത്തെ ആഘോഷത്തിൽ സന്ദർശകർക്ക് കരിമരുന്ന് പ്രദർശനങ്ങൾ, ഡ്രോൺ ഷോകൾ, ലൈറ്റുകൾ എന്നിവയും, യുഎഇ പതാകയുടെ നിറങ്ങൾ, സംഗീതം, എമിറേറ്റ്സ് ഫൗണ്ടെയ്‌നിലെ ഏറ്റവും വലിയ ജലധാരകളിൽ നിന്നുള്ള ലേസർ ഡിസ്പ്ലേകൾ എന്നിവയും ആസ്വദിക്കാം. ‌

uaeinational-day-tomorrow
അൽഐൻ നഗരം ദേശീയദിനാഘോഷത്തിനൊരുങ്ങിയപ്പോൾ. ചിത്രം: മനോരമ

സമയക്രമം: നാളെ ( വെള്ളി) മുതൽ ഡിസംബർ 3 വരെ.  വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ. പ്രവേശന ഫീസ്:  ഒരാൾക്ക് 10 ദിർഹം. നിശ്ചയദാർഢ്യമുള്ള ആളുകൾ, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്നവർ (60 വയസ്സിന് മുകളിലുള്ളവർ) എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. യാസ് ദ്വീപിലും അൽ മരിയ ദ്വീപിലും വെടിക്കെട്ട്.

ഗാലേറിയ, അൽ മരിയ ദ്വീപിൽ ഡിസംബർ 2, 3 തീയതികളിൽ രാത്രി 9 ന് കരിമരുന്ന് പ്രയോഗം നടക്കും.  യാസ് ഐലൻഡിലെ യാസ് ബേ വാട്ടർഫ്രണ്ട് ഡിസംബർ 2, 3 തീയതികളിൽ രാത്രി 9 ന് യൂണിയൻ ഡേ കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും.

∙ദുബായ് ഗ്ലോബൽ വില്ലേജ്
അവധിക്കാലത്ത് ഗ്ലോബൽ വില്ലേജിൽ ഒട്ടേറെ ആഘോഷ പരിപാടികൾ നടക്കും. പ്രവേശന കവാടങ്ങളും കാർണിവലും പ്രത്യേക ലൈറ്റ് ഡിസ്‌പ്ലേ ഒരുക്കും. 'വിഷൻ ഓഫ് എമിറേറ്റ്‌സ്' എന്ന ഓപറ ഉൾപ്പെടെ ദേശീയദിന തീം പ്രകടനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഗ്ലോബൽ വില്ലേജ് അറിയിച്ചു. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നേട്ടങ്ങളും ഒാപറ അനാവരണം ചെയ്യും.  

ഡിസംബർ 1 മുതൽ 4 വരെ പരമ്പരാഗത എമിറാത്തി സാംസ്കാരിക പ്രകടനങ്ങൾ വേദിയിൽ അവതരിപ്പിക്കും. മൈലാഞ്ചി വിതരണം ചെയ്യുന്ന കിയോസ്‌കുകളും ഫാൽക്കണുമായി ഇടപഴകാനും അതുപയോഗിച്ച് ചിത്രമെടുക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. യുഎഇ പവലിയൻ, പവലിയൻ 971, ഖലീഫ ഫൗണ്ടേഷൻ, ഹംദാൻ ഹെറിറ്റേജ് സെന്റർ തുടങ്ങിയ വിവിധ പവലിയനുകളിൽ നിന്ന് ദേശീയദിന എക്‌സ്‌ക്ലൂസീവ് സാധനങ്ങളും സുവനീറുകളും വാങ്ങാം.  

ഗ്ലോബൽ വില്ലേജ് ടിക്കറ്റ് നിരക്ക്:  ഗേറ്റിൽ: 30 ദിർഹം. ഓൺലൈൻ: 27ദിർഹം. www.globalvillage.ae, അല്ലെങ്കിൽ മൊബൈൽ ആപ്പ് 'GLOBAL VILLAGE' വഴി ബുക്ക് ചെയ്യാം, മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സൗജന്യ ടിക്കറ്റുകൾ.

∙ എക്സ്പോ സിറ്റി ദുബായ്
ഡിസംബർ 2 ന് എക്‌സ്‌പോ സിറ്റി ദുബായിൽ നടക്കുന്ന ഔദ്യോഗിക ദേശീയ ദിന ചടങ്ങ് എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഔദ്യോഗിക യൂണിയൻ ഡേ വെബ്‌സൈറ്റായ www.unionday.ae-ലും തത്സമയം സംപ്രേഷണം ചെയ്യും.  ഡിസംബർ 5 മുതൽ 12 വരെ എക്‌സ്‌പോ സിറ്റി ദുബായിൽ നടക്കുന്ന പൊതു ചടങ്ങിൽ എല്ലാവർക്കും പങ്കെടുക്കാം. യുഎഇയുടെ സുസ്ഥിര യാത്രയും സുസ്ഥിര ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും സംബന്ധിച്ച പ്രകടനങ്ങൾ ഉണ്ടാകും. ഇത് എമിറാത്തി സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വേരുകൾ ചിത്രീകരിക്കുകയും പൂർവികരുടെ പാരമ്പര്യവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധവും ചിത്രീകരിക്കും.  ടിക്കറ്റ് നിരക്ക്: 300 ദിർഹം.

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം. platinumlist.net വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ദുബായ് എക്‌സ്‌പോ സിറ്റിയിലെ ജൂബിലി പാർക്കിൽ നടക്കുന്ന 52-ാമത് യൂണിയൻ ഡേ ഷോ’ എന്നാണ് പരിപാടിയുടെ പേര്. തീയതി: ഡിസംബർ 5 മുതൽ  12 വരെ. സമയം: വൈകിട്ട് 4 ന് എത്തണം, ഷോ 6 ന് ആരംഭിക്കും

ദേശീയ ദിനത്തിനായി അലങ്കരിച്ചിരിക്കുന്ന ഷാർജയിലെ സർക്കാർ കെട്ടിടങ്ങൾ. ചിത്രം: സിറാജ് വി.പി.കീഴ്മാടം
ദേശീയ ദിനത്തിനായി അലങ്കരിച്ചിരിക്കുന്ന ഷാർജയിലെ സർക്കാർ കെട്ടിടങ്ങൾ. ചിത്രം: സിറാജ് വി.പി.കീഴ്മാടം

 ∙ ഷാർജയിലെ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം 

ഷാർജയിലെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം അനുവദിക്കും. തീയതി: ഇന്നും(വെള്ളി) നാളെയും. 

 • സമയം: ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ, നാളെ( ശനി): രാവിലെ 8 മുതൽ രാത്രി 8 വരെ.

ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) ദേശീയദിന അവധിക്കാലത്ത്( വെള്ളി, ശനി ദിവസങ്ങളിൽ) അതിന്റെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഓരോ മ്യൂസിയവും യുഎഇയുടെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന നിരവധി ശിൽപശാലകളും പരിപാടികളും സംഘടിപ്പിക്കും.  എമിറേറ്റിന്റെ ഔദ്യോഗിക ഇവന്റ് കലണ്ടറായ ഷാർജ ഇവന്റ്‌സ് അനുസരിച്ച് മ്യൂസിയങ്ങളിൽ പരമ്പരാഗത പ്രകടനങ്ങളും ഭക്ഷണവും ഗെയിമുകളും  ഉണ്ടായിരിക്കും. ഷാർജ മാരിടൈം മ്യൂസിയത്തിൽ സന്ദർശകർക്ക് സമുദ്ര പരേഡും കാണാനാകും. 

ഈ പരിപാടികൾ നടക്കുന്ന മ്യൂസിയങ്ങൾ

 • ബൈത്ത് ഷെയ്ഖ് സയീദ് ബിൻ ഹമദ് അൽ ഖാസിമി: വൈകിട്ട് 5 മുതൽ രാത്രി 10 വരെ 

 • ഷാർജ ഫോർട്ട് (അൽ ഹിസ്ൻ): രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 

 • ഷാർജ മാരിടൈം മ്യൂസിയം: വൈകിട്ട് 4 മുതൽ രാത്രി 10 വരെ  

ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്ന കേന്ദ്രങ്ങൾ: ഷാർജ നാഷണൽ പാർക്ക്, മലീഹ പബ്ലിക് പാർക്ക്, അൽ ഹോസ്ൻ ദ്വീപ് , ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കൻ ആംഫി തിയേറ്റർ, സൂഖ് ശർഖ്, വാദി അൽ ഹെലോ, കൽബ, അൽ ബതേഹ്, അൽ മുദം, ദൈദ് കോട്ട, അൽ ഹംരിയയിലെ ഹെറിറ്റേജ് വില്ലേജ്.

 ∙ ഉമ്മുൽ ഖുവൈൻ ദേശീയ ദിനാഘോഷങ്ങൾ

എമിറേറ്റിലെ രണ്ട് സ്ഥലങ്ങളിൽ ദേശീയ ദിനാഘോഷങ്ങൾ നടക്കും. രണ്ടിടത്തേയ്ക്കും സൗജന്യ പ്രവേശനമാണ്.

1. ഫലജ് അൽ-മുഅല്ല കോട്ട 

തീയതി: ഇന്നു മുതൽ  3 വരെ. 

സമയം: വൈകിട്ട് 4 മുതൽ രാത്രി 9 വരെ.

ഫലജ് അൽ-മുഅല്ല കോട്ടയിൽ സന്ദർശകർക്ക് പരമ്പരാഗത ഫോക്‌ലോർ ഷോകളിലൂടെയും കരകൗശല ശിൽപശാലകളിലൂടെയും എമിറാത്തി പൈതൃകം ആസ്വദിക്കാനും പഠിക്കാനും കഴിയും. സന്ദർശകർക്ക് ഒട്ടക പ്രദർശനം കാണാനും പരമ്പരാഗത പാചക മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ട്.  

അൽ ഖോർ വാട്ടർഫ്രണ്ട് 

തീയതി:ഇന്ന് വൈകിട്ട് 4 മുതൽ രാത്രി 10 വരെ. അൽ ഖോർ വാട്ടർഫ്രണ്ടിൽ സന്ദർശകർക്ക് എയർ ഷോ, കാർണിവൽ എന്നിവ കാണാനും കയാക്കിങ് പോലുള്ള വിനോദങ്ങളിൽ പങ്കെടുക്കാനും കഴിയും. കുട്ടികൾക്കായി കളിസ്ഥലവും കലാ-കരകൗശല കോർണറും ഉണ്ട്. വൈകിട്ട് 4.30 മുതൽ എയർ ഷോ ആരംഭിക്കും.

English Summary:

National Day celebration Tomorrow Free entry to museums in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com