സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പറഞ്ഞുവിട്ട തർക്കത്തെത്തുടർന്ന്
Mail This Article
ജിസാൻ ∙ സൗദിയിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടത് നേരത്തെ ഇദ്ദേഹത്തിന്റെ കടയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൗരനെ പറഞ്ഞുവിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്. സംഭവത്തിൽ രണ്ട് ബംഗാളി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസാൻ ദർബിലാണ് പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി. പി. സൈദ് ഹാജിയുടെ മകൻ ചേരിക്കപ്പാടം ഹൗസിൽ അബ്ദുൽ മജീദ് (44) കൊല്ലപ്പട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് ഇദ്ദേഹം നടത്തിയിരുന്ന ശീഷ കടയിലായിരുന്നു കൊലപാതകം.
കടയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൗരനെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഈ ബംഗാളി പൗരൻ കൂട്ടുകാരോടൊപ്പം തിരിച്ചെത്തി വീണ്ടും ജോലിക്കെടുക്കണം എന്നാവശ്യപ്പെട്ടതാണ് തർക്കത്തിനിടയാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ ജോലി തരാനാകില്ലെന്ന് പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയും ഇവർ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും പ്രതികൾ തിരിച്ചെത്തി തർക്കം തുടങ്ങുകയും പിന്നീട് വാക്കു തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ ഇയാൾ കത്തികൊണ്ട് അബ്‌ദുൽ മജീദിന്റെ കഴുത്തിൽ കുത്തുകയും ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. പ്രതികളായ രണ്ട് ബംഗ്ലാദേശി യുവാക്കളെ പൊലീസ് ഉടൻ അറസ്റ്റ് ചെ്‌തു. അബ്‌ദുൽ മജീദിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്നു. അതിനാൽ മജീദ് മാത്രമായിരുന്നു സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നത്. മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്‌ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ 9നാണ് തിരിച്ചെത്തിയത്. മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്വിമത്തു നാജിയ, മിദ് ലാജ്.