യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനും കാറ്റിനും സാധ്യത
Mail This Article
അബുദാബി ∙ യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ പ്രസന്നവും ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം) അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ എൻസിഎം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മൂടൽമഞ്ഞ് കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കാൻ അഭ്യർഥിച്ചു. അൽ വിഖാൻ-അൽ ക്വുവ റോഡിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചു. ഇന്ന് രാത്രിയും തിങ്കളാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തും.