കലാപ്രദർശനങ്ങളുമായി ദേശീയദിനാഘോഷം; പോറ്റുനാടിന് ആദരമേകി എംഇഎസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ
Mail This Article
ദോഹ ∙ വിപുലമായ പരിപാടികളോടെ ഖത്തറിന്റെ ദേശീയ ദിനം ആഘോഷിച്ച് എംഇഎസ് ഇന്ത്യൻ സ്‌കൂൾ. രാവിലെ സ്‌കൂൾ റേഡിയോയിൽ പ്രഭാഷണങ്ങളും പ്രോഗ്രാമുകളുമായാണ് ദേശീയ ദിനാഘോഷത്തിന് തുടക്കമായത്. ദേശീയ ദിന പ്രമേയത്തിലൂന്നി ക്ലാസ് മുറികളും വർണാഭമാക്കി. ആഗോള സമാധാനത്തിന്റെ വക്താക്കളായി മുദ്രാവാക്യം വിളികളും കൊളാഷുകളും കലാ പ്രദർശനങ്ങളുമായി വിദ്യാർഥികൾ ഖത്തറിനോടുള്ള ആദരം പ്രകടമാക്കി. സമാധാനവും ഐക്യവും പ്രമേയമാക്കിയ സന്ദേശങ്ങൾ എഴുതാൻ വിദ്യാർഥികൾക്കായി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. സമാധാനത്തിന്റെ പ്രതീകമായ വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. സ്‌കൗട്ട് ആൻഡ് ഗൈഡ്, കബ്‌സ്, ബുൾബുൾ എന്നിവയുടെ നേതൃത്വത്തിൽ സമാധാനത്തിന്റെ പ്രതീകമായി വിദ്യാർഥികളുടെ മനുഷ്യ ചങ്ങലയും ശ്രദ്ധേയമായി.
സമാധാനത്തിനു വേണ്ടിയുള്ള ഖത്തറിന്റെ പ്രതിബദ്ധതയോടുള്ള ആദരവായി വെളുത്ത ബലൂണുകളും കുട്ടികൾ പറത്തി. സ്‌കൂൾ കോൺഫറൻസ് ഹാളിൽ നടന്ന കലാ-കരകൗശല പ്രദർശനം, ഭക്ഷ്യ മേള, മെഹന്ദി കോർണർ എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഇവയിൽ നിന്നുള്ള വരുമാനം പലസ്തീൻ ദുരിതാശ്വാസ ഫണ്ടിന് കൈമാറും.