ADVERTISEMENT

ദുബായ് ∙ 2025 ആകുമ്പോൾ ദുബായിൽ 762 ബസ് ഷെൽറ്ററുകൾ കൂടി നിർമിക്കുമെന്ന് ദുബായ് റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇലക്ട്രോണിക് സ്ക്രീനിൽ ബസ് സമയ വിവരങ്ങളും അറിയാം. ആധുനിക ദുബായിക്ക് ഇണങ്ങുംവിധം ഏറ്റവും പുതിയ ഡിസൈനിൽ നിർമിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തിൽ നിശ്ചയദാർഢ്യക്കാർക്കായി പ്രത്യേക സൗകര്യവുമുണ്ട്. സുരക്ഷിതവും സുസ്ഥിരവുമായ നഗര ജീവിതത്തിന്റെ പ്രതിരൂപമായാണ് പുതിയ ബസ് ഷെൽറ്ററിനെ ആർടിഎ അവതരിപ്പിക്കുന്നത്. പരീക്ഷണാർഥം ചില ഷെൽറ്ററുകളുടെ നിർമാണത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള ദുബായ് കോഡുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് പുതിയ ഷെൽറ്ററുകളുടെ രൂപകൽപന. ദുബായിയെ ജനങ്ങളുടെ സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 'എന്റെ കമ്യൂണിറ്റി, എല്ലാവർക്കുമുള്ള സ്ഥലം' എന്ന പദ്ധതിയോടു ചേർന്നു പോകുന്നതാണിത്. ഉയർന്ന ജനസാന്ദ്രത, ബസ് സർവീസ് ഏരിയകൾ, ഭാവിയിലെ വികസന പദ്ധതി പ്രദേശങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സ്ഥലം നിശ്ചയിച്ചതെന്ന് അൽതായർ വിശദീകരിച്ചു.

ജനസംഖ്യാ വളർച്ച മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ തുടരും. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമായ അവസരം ഒരുക്കുന്നതിന് ഗതാഗത സേവനങ്ങൾ വർധിപ്പിക്കുമെന്നും പറഞ്ഞു.

നാലുതരം ഷെൽറ്ററുകൾ

ഓരോ സ്റ്റോപ്പിലെയും ഉപയോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബസ് ഷെൽറ്ററുകളെ നാലാക്കി തരംതിരിച്ചിട്ടുണ്ട്. ദിവസേന 750ലധികം യാത്രക്കാർക്ക് എത്തുന്നതായിരിക്കും പ്രധാന ബസ് ഷെൽറ്ററുകൾ. 25–750, 100–250, 100ൽ താഴെ എന്നിങ്ങനെ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായുള്ള വലുപ്പത്തിലായിരിക്കും കേന്ദ്രങ്ങൾ നിർമിക്കുക. കേന്ദ്രത്തിന്റെ ഒരു ഭാഗം ശീതീകരിച്ചതായിരിക്കും. ബസ് സമയം ഉൾപ്പെടെ യാത്രക്കാർക്ക് അറിയേണ്ട എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കും.

English Summary:

Bus Shelters are Coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com