ഫുട്‌ബോൾ ആവേശത്തെ വീണ്ടും വരവേൽക്കാൻ ഹമദ് വിമാനത്താവളം
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന കളിക്കാരെയും ഫുട്‌ബോൾ ആരാധകരെയും സ്വാഗതം ചെയ്യാൻ ഹമദ് രാജ്യാന്തര വിമാനത്താവളം സജ്ജം. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക മേളകൾക്ക് തടസ്സമില്ലാത്ത പ്രവേശന നടപടികൾ ഉറപ്പാക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഏഷ്യൻ കപ്പിനായും വിമാനത്താവളം തയാറെടുക്കുന്നത്. ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു പുറമേ, വിമാനത്താവളത്തിൽ നിന്ന് ദോഹ നഗരത്തിലേക്കും മത്സര വേദികളിലേക്കുമുള്ള യാത്രാ സൗകര്യവും സജ്ജമാണ്.
ഹമദ് വിമാനത്താവളത്തിൽ നിന്ന് അംഗീകൃത ടാക്‌സികൾ, ബസ് സർവീസുകൾ, മെട്രോ എന്നിവയെല്ലാം സുലഭമാണ്. ഖത്തറിൽ എത്തുന്ന സന്ദർശകർക്ക് വിമാനത്താവളത്തിൽ തന്നെ കറൻസി മാറാനുള്ള ഫോറിൻ എക്‌സ്‌ചേഞ്ച് സർവീസുകൾ, ഭക്ഷണ-പാനീയ ശാലകൾ, എടിഎമ്മുകൾ, സിം കാർഡുകൾ വാങ്ങാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം അറൈവൽ ഹാളിൽ തന്നെയുണ്ട്.
ഏഷ്യൻ കപ്പ് സമയത്ത് ഹമദ് വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരിൽ 8 മണിക്കൂറിൽ കൂടുതൽ സമയം തുടർവിമാനത്തിനായി കാത്തിരിക്കേണ്ടി വരുന്നവർക്ക് ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയായ ഡിസ്‌ക്കവർ ഖത്തർ മുഖേന ദോഹ സിറ്റി ടൂർ നടത്താനുള്ള സൗകര്യവുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സിന്റെ പുരസ്‌കാരം ഹമദ് വിമാനത്താളം സ്വന്തമാക്കിയിട്ടുണ്ട്. സ്‌കൈട്രാക്‌സിന്റെ 2024 പുരസ്കാരത്തിനുള്ള മത്സരത്തിലും വിമാനത്താവളമുണ്ട്.