ഷോപ്പിങ് കാർട്ടും ഇനി സ്മാർട്
Mail This Article
ദോഹ ∙ പുതുവർഷത്തിൽ ഖത്തറിലെ ഷോപ്പിങ് കാർട്ടുകളും ‘സ്മാർട്’ ആകുന്നു. പൊതുമേഖലാ സ്ഥാപനമായ അൽമീറ കൺസ്യൂമർ ഗുഡ്‌സ് കമ്പനിയാണ് ഉപഭോക്താക്കൾക്കായി സ്മാർട് ഷോപ്പിങ് കാർട്ടുകൾ അവതരിപ്പിച്ചത്. മേഖലയിൽ തന്നെ സ്മാർട് ഷോപ്പിങ് കാർട്ടുകൾ ഇതാദ്യമാണ്. പ്രാരംഭ ഘട്ടത്തിൽ അൽമീറയുടെ വക്ര സൗത്ത്, ലിബൈബ്-1 ശാഖകളിലാണ് പുതിയ സ്മാർട് ഷോപ്പിങ് കാർട്ടുകൾ നടപ്പാക്കിയിരിക്കുന്നത്. സമീപ ഭാവിയിൽ കൂടുതൽ ശാഖകളിൽ സ്മാർട് കാർട്ടുകൾ നടപ്പാക്കും.
രാജ്യത്തിന്റെ റീട്ടെയ്ൽ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമാണ് പുതിയ സ്മാർട് കാർട്ടുകൾ. റീട്ടെയ്ൽ ടെക്‌നോളജി രംഗത്തെ ആഗോള സ്ഥാപനമായ വീവ് എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയാണിത്. പരമ്പരാഗത ഷോപ്പിങ് കാർട്ടുകൾക്ക് പകരമായെത്തിയ സ്മാർട് കാർട്ടുകൾ ഷോപ്പിങ് അനുഭവം തന്നെ മാറ്റിമറിക്കും. ടച്ച് സ്‌ക്രീൻ, ബാർകോഡ് റീഡർ, ക്യാമറകൾ എന്നിവയാണ് കാർട്ടിൽ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ ലോഗിൻ ചെയ്ത ശേഷം ആവശ്യമുള്ള സാധനങ്ങൾ സ്‌കാൻ ചെയ്ത് കാർട്ടിൽ ആഡ് ചെയ്യണം. ആവശ്യമുള്ളവ വാങ്ങിയ ശേഷം ചെക്ക് ഔട്ട് ചെയ്യാം. കാർട്ടിലെ സ്‌ക്രീനിൽ പ്രമോഷനുകളും ഓഫറുകളും കാണിക്കുകയും ചെയ്യും. ആദ്യമായല്ല ഹൈടെക് ഷോപ്പിങ് അനുഭവം അൽമീറ നൽകുന്നത്. രാജ്യത്ത് ആദ്യമായി ചെക്ക് - ഔട്ട് ഫ്രീ സ്റ്റോർ നടപ്പാക്കിയതും അൽമീറയാണ്.