മീരയെ ഷോപ്പിങ് 'അഡിക്ടാക്കി'യ രാജ്യം, സൗന്ദര്യത്തിന് കേരളത്തിന്‍റെ ആയുർവേദം; ഹബീബീ, വെല്‍ക്കം ടു ദുബായ്: ഇവിടെ പ്രായം വെറും നമ്പർ
Mail This Article
മിടുക്കനായൊരു മാന്ത്രികന്‍ മാന്ത്രികവടി വീശി പിറവിയെടുത്തെന്ന് തോന്നിപ്പിക്കുന്ന സ്വപ്ന നഗരമാണ് ദുബായ്. ലൈഫ് സ്റ്റൈലും ഫാഷനും അനുദിനം മാറിക്കൊണ്ടിരിക്കുന്ന നഗരത്തിന്‍റെ ഒഴുക്കിനൊപ്പം സഞ്ചരിക്കുകയാണ് ദുബായിലെ പുതുതലമുറ. കുടുംബത്തിനായി സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പാവം പ്രവാസികളില്‍ നിന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് പറക്കാന്‍ വെമ്പുന്ന, ജീവിതമാസ്വദിക്കുന്ന പ്രവാസികളിലേക്കുളള മുഖം മാറ്റം എവിടെയും ദൃശ്യം. ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീർക്കുന്നതിനൊപ്പം ജീവിതം ആസ്വദിക്കാനും കൂടിയുളളതാണെന്ന് തിരിച്ചറിഞ്ഞവനാണ് പുതിയ കാലത്തെ പ്രവാസി. 2024 ലേക്ക് ചുവടുവയ്ക്കുമ്പോള്‍ മാറിയ പ്രവാസികളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമെന്തൊക്കെയാണ്, അറിയാം.
∙ ഇഷ്ടം യാത്രകളോട്
ജോലിത്തിരക്കിനിടയില്‍ ഒരു മാറ്റം ഇഷ്ടപ്പെടുന്നവർ അതിനായി യാത്രകളെയാണ് കൂടൂതലും തിരഞ്ഞെടുക്കുന്നത്. കോവിഡും ക്വാറന്റീനും യാത്രനിയന്ത്രണങ്ങളുമെല്ലാം പൂർണമായും ഇല്ലാതായ 2024 ല്‍ യുഎഇയിലേക്ക് എത്തുന്നവരുടെയും രാജ്യത്ത് തന്നെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണം വർധിക്കുമെന്നാണ് കണക്കുകള്‍. കുടുംബമായും ഒറ്റയ്ക്കും യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ദുബായില്‍ ഐടി സ്പഷലിസ്റ്റായ സൈനല്‍ പറയുന്നു. ഫൊട്ടോഗ്രഫിയോടും താല്‍പര്യമുളളതിനാല്‍ മാറ്റിവയ്ക്കാത്ത ഒരുകാര്യമായി യാത്രകള്‍ മാറി. കുട്ടികള്‍ക്ക് യാത്രകളില്‍ കിട്ടുന്ന സന്തോഷവും അറിവും പ്രധാനമാണെന്നാണ് കരുതുന്നത്. സുരക്ഷിതമായ സ്ഥലങ്ങളാണ് യാത്രയ്ക്ക് സൈനല്‍ തിരഞ്ഞെടുക്കുന്നത്.
യാത്രകളുടെ കാര്യങ്ങളില്‍ കൗതുകകരമായത് 2024 ല്‍ ഉറങ്ങാനായി യാത്രപോകുന്നവരും കൂടുമെന്നതാണ്. ഡെസ്റ്റിനേഷന്‍ ഇസഡ് എന്നതാണത്രെ പുതിയ വൈബ്. ആരോഗ്യപരിപാലത്തില്‍ ഉറക്കത്തിനുളള പ്രധാന്യം തിരിച്ചറിഞ്ഞാണ് പലരും സ്ലീപ് ടൂറിസത്തില്‍ താല്‍പര്യം പ്രകടമാക്കുന്നത്. ഓൺലൈനിൽ സ്ലീപ്പ് റിട്രീറ്റുകൾക്കായി തിരയുന്നവരുടെ എണ്ണം വർധിച്ചു. സിനിമയിലും ടിവിയിലുമെല്ലാം കണ്ട് പരിചിതമായ സ്ഥലങ്ങളിലേക്കുളള യാത്ര ഇഷ്ടപ്പെടുന്നവരുമുണ്ട്.
200 ലധികം രാജ്യക്കാർ താമസിക്കുന്ന യുഎഇയില്‍ വിവിധ സംസ്കാരങ്ങളും സംഗീതവും ഒപ്പം ഭക്ഷണരീതിയും പരീക്ഷിക്കാനായി യാത്രകളെ കൂട്ടുപിടിക്കുന്നവരുമുണ്ട്. യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രപോകുന്നവരുടെ കണക്കിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുളളത്. വികസനമെന്നതിന് അവസാനമില്ലാത്ത നഗരം കൂടിയാണ് ദുബായ്.
2024 ല്‍ ഏഴ് പുതിയ ആഡംബര ഹോട്ടലുകളാണ് ദുബായില്‍ പ്രവർത്തനം വിപുലീകരിക്കുന്നത്. സീല്‍ ടവറും മർസഅല്‍ അറബും ക്രീക്ക് ടവറും ഹബ്തൂർ ടവറും പാം ജബല്‍ അലിയും ഉള്‍പ്പടെ 2024 ല്‍ ഒരുങ്ങുന്നത് 20 ഓളം വമ്പന്‍ പദ്ധതികള്‍. ഫുട്ബോള്‍ ആസ്വാദകർക്ക് അവിസ്മരണീയ അനുഭവമൊരുക്കാന്‍ റയല്‍ മാഡ്രിഡ് തീം പാർക്കുമൊരുങ്ങുന്നുണ്ട്. ദുബായ് കനാലിലെ ഫ്ലോട്ടിങ് മോസ്കുള്‍പ്പെടെ കാത്തിരിക്കുന്ന കൗതുകങ്ങളും നിരവധി.
∙ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ സുരക്ഷിത നഗരം ദുബായ്: മീരാനന്ദന്‍
നാട്ടിലൊന്നും അധികം ഷോപ്പിങ് ചെയ്യാതിരുന്ന താന്‍ ദുബായിലെത്തിയതിനുശേഷം ഷോപ്പിങ് അഡിക്ടായെന്നാണ് സിനിമാ താരവും അവതാരകയുമായ മീരാനന്ദന്‍ പറയുന്നത്. ഒറ്റയ്ക്കൊരു പെട്ടിപോലും പായ്ക്ക് ചെയ്യാന്‍ അറിയാത്തയാളായിരുന്നുതാന്‍. എന്നാല്‍ ഇവിടെ വന്നതിനുശേഷം കൂടുതല്‍ സ്വയം പര്യാപ്തയായി.
ഒറ്റയ്ക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ നഗരമാണ് ദുബായ്. സിനിമാ രംഗത്തായതിനാല്‍ നാട്ടിലായിരുന്നപ്പോള്‍ തന്നെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പ്രായം കൂടുന്നതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. ആഴ്ചയില്‍ നാല് ദിവസവും വർക്കൗട്ട് ചെയ്യും. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍ മെനുകാർഡില്‍ കാലറി നോക്കുന്നതും ശീലമായി. ഇതൊക്കെയാണ് ദുബായ് ജീവിതം നല്‍കിയ മാറ്റങ്ങളെന്നും മീര പറയുന്നു.
∙ പ്രായം വെറും നമ്പറാകും
ആരോഗ്യകരമായ ജീവിതരീതി പിന്തുടരാന്‍ വലിയ പിന്തുണ നല്‍കുന്ന നഗരമാണ് ദുബായ്. വർഷം തോറും നടക്കുന്ന ഫിറ്റ്നസ് ചലഞ്ച് ദുബായ് ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. ആരോഗ്യപരിപാലത്തില്‍ ഫിറ്റ്നസ് വാച്ചുകളും ട്രാക്കറുകളും നിലവിലുണ്ടെങ്കിലും 2024 ല്‍ കൂടുതല്‍ വ്യക്തിഗതവിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഗാഡ്ജറ്റുകള്‍ യുഎഇ വിപണി കീഴടക്കും. ഭക്ഷണത്തിന്‍റെയും വ്യായാമത്തിന്‍റെയും ഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കുന്നതിനും ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഗ്ലൂക്കോസ് മോണിറ്റർ സഹായകരമാകും. ജനിതക ഘടനയുടെ വിവിധ വശങ്ങള്‍ മനസിലാക്കാനാകുന്ന ജനിതക പരിശോധന നടത്തി കഴിക്കേണ്ട ഭക്ഷണം വരെ തീരുമാനിക്കുന്ന ഫിറ്റ്നസ് പ്രേമികളുമുണ്ട്. ശരീരം ഏതൊക്കെ തരത്തിലുള്ള വ്യായാമത്തിനും പോഷണത്തിനും ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തുന്നതിനായാണ് ജനിതക പരിശോധന നടത്തുന്നത്. ജിമ്മിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് ദുബായിലെ ജിം പരിശീലകയായ അംബിക പറയുന്നു. ഇരുന്ന് ജോലിചെയ്യുന്നവരാണ് പരിശീലനത്തിനായി എത്തുന്നവരില്‍ മുന്‍പന്തിയില്‍. ആരോഗ്യകാര്യത്തിന് അരമണിക്കൂർ മാറ്റിവയ്ക്കാന്‍ സമയം കണ്ടെത്താന്‍ കഴിയുന്നുവെന്നുളളതാണ് പ്രധാനമെന്നും അംബിക പറയുന്നു.
മറ്റെല്ലാം കഴിഞ്ഞ് ആരോഗ്യചർമ്മ സൗന്ദര്യസംരക്ഷണമെന്ന മനോഭാവത്തില്‍ നിന്ന്, മണിക്കൂറുകള്‍ ഇതിനായി മാറ്റിവയ്ക്കുന്ന കാര്യത്തില്‍ തലമുറവ്യത്യാസമില്ലാതായി എന്നതാണ് യാഥാർഥ്യം. കേരളത്തിന്‍റെ സ്വന്തം ആയുർവേദം മുതല്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുളള സൗന്ദര്യസംരക്ഷണം ദുബായില്‍ ലഭ്യം. അടുത്തിടെ ദുബായില്‍ പ്രവർത്തനം ആരംഭിച്ച ആയുർവേദ കേന്ദ്രങ്ങളുടെ കണക്കെടുത്തുനോക്കിയാല്‍ മാത്രം മതി ഇക്കാര്യത്തിലെ പുതിയ ട്രെന്‍ററിയാന്‍. ചർമ്മം മുറുക്കാനുളള ചികിത്സയ്ക്ക് തന്നെയാകും 2024 ലും പ്രിയമെന്ന് ഈ രംഗത്തുളളവർ സാക്ഷ്യപ്പെടുത്തുന്നു. റേഡിയോ ഫ്രീക്വൻസി മൈക്രോനീഡിങ് പോലെയുള്ള ചികിത്സകള്‍ക്ക് ദുബായില്‍ ആവശ്യക്കാരേറയുണ്ട്.
∙ ഫാഷന്‍ അറ്റ് ദുബായ്
ഫാഷന്‍ വ്യവസായത്തില്‍ പതിവുപോലെ ഇത്തവണയും പുതിയ ട്രെന്‍റുകള്‍ പ്രതീക്ഷിക്കുന്നുണ്ട് ദുബായ്. കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന തരത്തിലാണ് ദുബായിലെ ഫാഷന്‍ ട്രെന്‍റുകള്‍. മൈക്രോ സ്കർട്ടുകള്‍ക്കൊപ്പം അയഞ്ഞ ബ്ലേസറുകളല്ലെങ്കില്‍ ജാക്കറ്റുകള്‍, ഒപ്പം പരന്ന പ്രതലമുളള ഷൂ. യുവത്വത്തെ അടയാളപ്പെടുത്താന്‍ ധാരാളം. വലിയ പൂക്കള്‍ നിറയുന്ന വസ്ത്രങ്ങള്‍ക്കും ലാവന്‍റർ നിറത്തിലുളള വസ്ത്രങ്ങള്‍ക്കും ഇപ്പോഴും ആവശ്യക്കാരേറെയാണ്. നീളത്തിലുളള വസ്ത്രത്തിനൊപ്പം അയഞ്ഞപാന്‍റുകളും വസ്ത്രവിപണിയില്‍ സുലഭം. ഇഷ്ടബ്രാന്‍ഡ് ലഭിക്കാന്‍ കൂടുതല്‍ അലയേണ്ടതില്ലെന്നുളളതാണ് ദുബായുടെ പ്രത്യേകത. പോക്കറ്റ് കാലിയാകാതെ ബഡ്ജറ്റ് ഷോപ്പിങ് ആഗ്രഹിക്കുന്നവർക്കായുളള ഇടങ്ങളുണ്ടെങ്കിലും വിശേഷാവസരങ്ങളില്‍ ലഭിക്കുന്ന വിലക്കുറവില്‍ ഇഷ്ടബ്രാന്‍റിനെ ചേർത്ത് പിടിക്കുന്നു ഫാഷന്‍ പ്രേമികള്‍. സ്റ്റൈലിഷ് ലൈഫ് സ്റ്റൈലിനായുളള കണ്ണട മുതല്‍ ബാഗുകള്‍ വരെ വില നോക്കിയെടുക്കാം.
∙ ബട്ടർഫ്ളൈ ബോബ്സ് മുതല്‍ 70 കളിലെ ഷാഗ് കട്ടുവരെ, തലവരമാറ്റുന്ന ഹെയർസ്റ്റൈലുകള്‍
ഗീസെല്‍ ബന്‍ചെന്നിന്‍റെ കാരമല്‍ ക്രീമുകള്‍ മുതല്‍ സ്റ്റീവ് നിക്സിന്‍റെ റോക് സ്റ്റാർ ലോക്സ് വരെ, തലവരമാറ്റുന്ന ഹെയർ സ്റ്റൈലുകള്‍ക്കായി കത്രികകള്‍ ഒരുങ്ങികഴിഞ്ഞു. നീണ്ടുകൊലുന്നനെയുളള മുടികള്‍ സൗന്ദര്യത്തിന്‍റെ പര്യായമായി മാറിയിരുന്ന സ്ഥലത്തിപ്പോള്‍ നീളമുളളതും ഇല്ലാത്തതുമായ ചുരുളന്‍ മുടികള്‍ക്കാണ് പ്രിയം. ബട്ടർ ഫ്ളൈ ബോബും ,കിറ്റി കട്ടും,കോണ്‍ടോർ കട്ടിങും,ഡിഷെവെല്‍ഡ് ഡോസുമെല്ലാം ഫാഷന്‍ പ്രേമികളുടെ തലവരമാറ്റാന്‍ തയാറായി കഴിഞ്ഞു.
ഒന്നുമനസ്സറിഞ്ഞു ചുറ്റും നോക്കിയാല്‍ അഞ്ച് ദിർഹം മുതല്‍ ആഡംബരത്തിന്‍റെ പുതിയ ആകാശം സ്വപ്നം കാണുന്നവരെ വരെ കാണാം നമുക്കിവിടെ. പക്ഷെ ഒരു കാര്യം ഉറപ്പ്, സ്വന്തം ഇഷ്ടങ്ങളും യാത്രകളും പിന്നത്തേക്ക് മാറ്റിവയ്ക്കാത്തവനാണ് ഇന്നത്തെ അല്‍ പ്രവാസി