അബുദാബിയിൽ പൂക്കാലം; വിരിഞ്ഞത് 50 ലക്ഷത്തിലേറെ പൂക്കൾ
Mail This Article
അബുദാബി ∙ തലസ്ഥാന നഗരത്തിലും പ്രാന്ത പ്രദേശങ്ങൾക്കും ബഹുവർണ ശോഭയൊരുക്കി പെറ്റൂണിയ, ജമന്തി, അഗെരാറ്റം, ഹൈബിസ്കസ്, കോസ്മോസ് തുടങ്ങി വിവിധയിനം ചെടികൾ പൂത്തുലഞ്ഞു. 50 ലക്ഷത്തിലേറെ പൂക്കളാണ് വിടർന്നത്.
റോഡിന് ഇരുവശങ്ങളിലും മധ്യത്തിലും റൗണ്ട് എബൗട്ടുകളിലും പാലങ്ങളിലും നടപ്പാതകളിലും ചത്വരങ്ങളിലും പാർക്കിലുമെല്ലാം പൂക്കൾ വിരിഞ്ഞു. ശൈത്യകാലത്ത് മാത്രമായി 54,84,063 പൂചെടികൾ നട്ടുപിടിപ്പിച്ചതായും വേനൽകാലത്തേത് കൂടി കണക്കാക്കിയാൽ ഒരു കോടിയിലേറെ വരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
സൗന്ദര്യവും സന്തോഷവും പ്രദാനം ചെയ്യുന്ന കാഴ്ച കാണാനും ചിത്രവും ദൃശ്യവും എടുക്കാനുമായി മാത്രം ഒട്ടേറെ പേരാണ് നഗരത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം വേനൽക്കാലത്തും ശൈത്യകാലത്തുമായി ഒരു കോടിയിലേറെ ചെടികൾ നട്ടു. പ്രാദേശിക കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായവയാണ് തിരഞ്ഞെടുത്തത്. പൂക്കൾ പറിച്ചെടുത്താൽ 500 ദിർഹമാണ് പിഴ.