‘സ്വർണ്ണം പൂശിയ കൊട്ടാരം, ലോകത്തെ എണ്ണ ശേഖരത്തിന്‍റെ ആറ് ശതമാനം’; ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബത്തിന്‍റെ വിശേഷങ്ങൾ
Mail This Article
അബുദാബി ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബം അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബമെന്ന് റിപ്പോർട്ടുകൾ. 4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റുകൾ, മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബ് എന്നിവ അൽ നഹ്യാൻ രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുണ്ട്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കുടുംബത്തെ നയിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്.
ലോകത്തെ എണ്ണ ശേഖരത്തിന്‍റെ ആറ് ശതമാനത്തോളം അൽ നഹ്യാൻ കുടുംബത്തിന് സ്വന്തമാണ്. മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ നിരവധി പ്രശസ്ത കമ്പനികളിൽ ഓഹരി പങ്കാളിത്തവുമുണ്ട്. ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെന്‍റി മുതൽ എലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് വരെയുള്ള കമ്പനികൾ ഇവയിൽ ചിലതു മാത്രം.
അബുദാബി ഭരണാധികാരിയുടെ ഇളയ സഹോദരൻ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്‍റെ കൈവശം ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി, അഞ്ച് ബുഗാട്ടി വെയ്‌റോണുകൾ, ഒരു ലംബോർഗിനി റെവെന്‍റൺ, മെഴ്‌സിഡീസ് ബെൻസ് സിഎൽകെ ജിടിആർ, ഫെരാരി 599XX എന്നിവ ഉൾപ്പെടെ 700 ലധികം ആഡംബര കാറുകളുടെ ശേഖരമുണ്ട്. അബുദാബിയിലെ സ്വർണ്ണം പൂശിയ ഖസർ അൽ-വതൻ പ്രസിഡൻഷ്യൽ കൊട്ടാരം കുടുംബത്തിന് സ്വന്തമാണ്. യുഎഇയിലെ കൊട്ടാരങ്ങളിൽ ഏറ്റവും വലുതാണിത്. ഏതാണ്ട് 94 ഏക്കറിൽ പരന്നുകിടക്കുന്ന, വലിയ താഴികക്കുടങ്ങളുള്ള കൊട്ടാരത്തിൽ ചരിത്ര പ്രധാന്യമുള്ള പുരാവസ്തുക്കളുടെ ശേഖരമുണ്ട് .
പ്രസിഡന്‍റിന്‍റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ കുടുംബത്തിന്‍റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവനാണ്. ഈ കമ്പനിയുടെ മൂല്യം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 28,000 ശതമാനം ഉയർന്നു. നിലവിൽ 235 ബില്യൻ ഡോളർ മൂല്യമുള്ള കമ്പനിക്ക് കൃഷി, ഊർജം, വിനോദം തുടങ്ങിയ ബിസിനസുകളുണ്ട്. ഇതുവഴി പതിനായിരക്കണക്കിന് ആളുകൾക്ക് ജോലിയും നൽകുന്നു.
യുഎഇയ്ക്ക് പുറമെ, അബുദാബി രാജകുടുംബത്തിന് പാരിസിലും ലണ്ടനിലും ഉൾപ്പെടെ ലോകമെമ്പാടും ആഡംബര സൗധങ്ങളുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
2008-ൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്, യുകെ ഫുട്ബോൾ ടീമായ മാഞ്ചസ്റ്റർ സിറ്റിയെ 2,122 കോടി രൂപയ്ക്ക് വാങ്ങി. മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ എന്നിവ നടത്തുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്‍റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.