വിവിധ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം അൽ കരാന ലഗൂൺ സംരക്ഷണത്തിനായി ബോധവത്കരണം
Mail This Article
ദോഹ ∙ അൽ കരാന ലഗൂൺ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കാൻ ക്യാംപെയ്‌നുമായി പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം.
ക്യാംപെയ്‌ന്റെ ഭാഗമായി ലഗൂണിൽ നിരീക്ഷണ ക്യാമറകളും ഇൻഫർമേഷൻ ബോർഡുകളും സ്ഥാപിച്ചു. ഇംഗ്ലിഷ്, അറബിക്, ഉറുദു ഭാഷകളിലാണ് ബോർഡ് . ലഗൂൺ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം, കുടിയേറ്റ പക്ഷികൾക്ക് ഹാനികരമാകുന്ന പ്രവൃത്തികൾ ഒഴിവാക്കൽ, മീൻപിടിത്തത്തിന് നിരോധനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ബോർഡിലുണ്ട്.
വരും നാളുകളിൽ രാജ്യത്തെ മറ്റ് 21 കൃത്രിമ തടാകങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ക്യാംപെയ്‌നുകൾക്കുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇൻഫർമേഷൻ ബോർഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വ്യത്യസ്ത തരം പക്ഷികളുടെയും മീനുകളുടെയും സസ്യജാലങ്ങളുടെയും ആവാസ കേന്ദ്രമാണ് അൽ കരാന ലഗൂൺ.
ദേശാടന പക്ഷികളുടെ ഖത്തറിലെ പ്രധാന ഇടത്താവളം കൂടിയാണിത്. ശൈത്യമെത്തിയതോടെ ദോഹ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ അകലെയുള്ള അൽ കരാന ലഗൂണിന്റെ മനോഹാരിത ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. വ്യാവസായിക മാലിന്യങ്ങൾ തള്ളിയിരുന്ന അൽകരാന ചിറ പൊതുമരാമത്ത് അതോറിറ്റിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് ഇന്നത്തെ മനോഹരമായ ലഗൂൺ ആക്കി മാറ്റിയത്.