ലേബർ ക്യാംപ് തൊഴിലാളികൾക്കൊപ്പം റിപ്പബ്ലിക് ദിനാഘോഷം
Mail This Article
ദോഹ ∙ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ വിവിധ ലേബർ ക്യാംപുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഐസിബിഎഫിന്റെ ഒരു വർഷം നീളുന്ന 40-ാം വാർഷികത്തിനും ഇതോടൊപ്പം തുടക്കമായി.
വിവിധ ലേബർ ക്യാംപുകളിൽ നിന്നും ക്ഷണിക്കപ്പെട്ട കുറഞ്ഞ വരുമാനക്കാരായ നൂറോളം തൊഴിലാളികൾ ആഘോഷങ്ങളിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 40 പേർക്ക് ഐ.സി. ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ സ്‌പോൺസർ ചെയ്ത സൗജന്യ ഐ.സി. ബി.എഫ് ഇൻഷുറൻസ് പോളിസികളും വിതരണം ചെയ്തു. ഐസിബിഎഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് കോഓർഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ.വൈഭവ് തണ്ടാലെ മുഖ്യാതിഥിയായെത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ അധ്യക്ഷനായിരുന്നു. 40-ാം വർഷത്തിൽ വിവിധ മേഖലകളിലായി 40 പരിപാടികൾ സംഘടിപ്പിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് നിലാംങ്ഷു ഡേ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, മത്സ്യത്തൊഴിലാളി ക്ഷേമ വിഭാഗം മേധാവി ശങ്കർ ഗൗഡ് എന്നിവർ പ്രസംഗിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, സമീർ അഹമ്മദ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, കുൽവീന്ദർ സിങ് ഹണി, ഉപദേശക സമിതി അംഗങ്ങളായ ഹരീഷ് കാഞ്ചാണി, ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.