യുഎഇയിൽ വ്യാജ സ്വദേശിവൽകരണം; 1077 സ്ഥാപനങ്ങളെ തരംതാഴ്ത്തി, പിഴ
Mail This Article
അബുദാബി ∙ യുഎഇയിൽ വ്യാജ സ്വദേശിവൽക്കരണം നടത്തിയ ആയിരത്തിലേറെ സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമലംഘകർക്ക് പിഴ ചുമത്തിയതിനു പുറമെ കമ്പനികളെ താഴ്ന്ന വിഭാഗത്തിലേക്കു തരംതാഴ്ത്തി. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് ആരംഭിച്ച് 2022 മുതൽ ഇതുവരെ 1077 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സ്വദേശിവൽകരണത്തിൽ കൃത്രിമം കാട്ടി 1818 പൗരന്മാരെ നിയമിച്ചതായി തെറ്റായ റിപ്പോർട്ട് നൽകിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. താഴ്ന്ന വിഭാഗത്തിലേക്കു തരംതാഴ്ത്തിയതിനാൽ ഈ കമ്പനികൾ മന്ത്രാലയ സേവനങ്ങൾക്ക് ഇനി ഉയർന്ന ഫീസ് നൽകേണ്ടിവരും.
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് വർഷത്തിൽ 84,000 ദിർഹം വീതം പിഴ ചുമത്തും. എന്നാൽ നിശ്ചിത അനുപാതത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നവർക്ക് സർക്കാർ ഫീസിൽ ഇളവ് ഉൾപ്പെടെ വൻ ആനുകൂല്യങ്ങളും നൽകുന്നു. തെറ്റായ വിവരങ്ങൾ നൽകുന്ന കമ്പനിക്കെതിരെ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലോ ഹോട്ട് ലൈനിലോ (600 590000) പരാതിപ്പെടാം.