റിയാദ് മാരത്തോൺ: സൗദിയിലെ ഒമ്പത് റോഡുകൾ ശനിയാഴ്ച അടയ്ക്കും
Mail This Article
റിയാദ് ∙ ശനിയാഴ്ച പുലർച്ചെ 3.30 മുതൽ ഉച്ചക്ക് ഒരു മണിവരെയുള്ള സമയം റിയാദ് മാരത്തോൺ നടക്കുന്നതിന്‍റെ സമീപമുള്ള ഒമ്പത് റോഡുകൾ ട്രാഫിക് പൊലീസുമായി ഏകോപനം നടത്തി അടയ്ക്കുമെന്ന് സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ അറിയിച്ചു. ഈ മാസം 10നാണ് സൗദി കായിക മന്ത്രാലയത്തിന്‍റെയും സൗദി ഒളിംപിക്സ് കമ്മറ്റിയുടേയും സൗദി അതലറ്റിക് ഫെഡറേഷന്‍റെയും പിന്തുണയോടെ സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് റിയാദ് രാജ്യാന്തര മരത്തോൺ മൽസരങ്ങൾ നടക്കുന്നത്.
ഇമാം സൗദ് ബിൻ ഫൈസൽ സ്ട്രീറ്റ്, കിങ് (അൽദിരിയ) റോഡ്, ഇമാം സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് സ്ട്രീറ്റ്, പ്രിൻസ് സുൽത്താൻ സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, വാദി ഹനീഫ, ഇമാം തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡ്, അൽബർജാൻ സ്ട്രീറ്റ്, അൽശഖ്‌റാൻ സ്ട്രീറ്റ് എന്നീ റോഡുകളാണ് അടയ്ക്കുന്നത്. ഇത്തവണത്തെ മാരത്തോണിൽ 20 വയസ്സിനു മുകളിലുള്ളവരുടെ 42.2 കിലോമീറ്റർ ഫുൾ മാരത്തോൺ, 18 വയസ്സിനു മുകളിലുള്ളവരുടെ 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 17 വയസ്സിനു മുകളിലുള്ളവരുടെ 10 കിലോമീറ്റർ, എല്ലാപ്രായത്തിലുമുള്ളവർക്കായുള്ള 4 കിലോമീറ്റർ എന്നിങ്ങിനെ 4 ഇനം മത്സരമാണ് നടത്തുന്നത്.17 വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ പങ്കെടുക്കാനും അവസരം നൽകുന്നുണ്ട്.