വിമാനത്താവളത്തിൽ ഭർത്താവിനെ കാണാതായി, കരഞ്ഞുതളർന്ന് ഭാര്യ; ജീവനക്കാർ ഒരുമിച്ചു, ഒടുവിൽ 'സ്നേഹാലിംഗനം'– വൈറൽ
Mail This Article
ദുബായ് ∙ ഒരു ത്രില്ലർ സിനിമ കാണുന്ന ആകാംക്ഷയായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും. വിമാനത്താവളത്തിൽ അറിയാതെ വേർപിരിഞ്ഞുപോയ വയോധികരായ ദമ്പതികൾ വിമാനം പറന്നുയരുന്നതിന് മുൻപ് ഒന്നിക്കുമോ എന്നതായിരുന്നു അവരെയെല്ലാം അലട്ടിയ പ്രശ്നം. എന്നാൽ വിമാനം പറന്നുയരുന്നതിന് 15 മിനിറ്റ് മുൻപ് അവർ വീണ്ടും ഒന്നിച്ചു. ഇതിന് വഴിയൊരുക്കിയത് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ മുഹമ്മദ് സൊഹ്റാബി. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിൽ ഇതേക്കുറിച്ചുള്ള ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചത്.
തിരക്കുള്ള ദിവസമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മുഹമ്മദ് സൊഹ്റാബിനെ സമീപിക്കുകയായിരുന്നു. സിഡ്‌നിയിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് വിമാനം കയറിയ ദമ്പതികൾ ദുബായ് വഴി പോകുമ്പോഴായിരുന്നു സംഭവം. അവരുടെ വിമാനം പറന്നുയരാൻ 45 മിനിറ്റാണ് അപ്പോൾ ബാക്കിയുണ്ടായിരുന്നത്. ഭർത്താവിന് വേണ്ടി കുറേ തിരഞ്ഞെങ്കിലും സാധിച്ചില്ലെന്നും അവർ അറിയിച്ചു. എല്ലാം കേട്ട് മനസിലാക്കിയ ശേഷം കാണാതായ ആളെ കണ്ടെത്താൻ സൊഹ്‌റാബി നടപടി സ്വീകരിച്ചു.
'ഞാൻ എന്റെ ടീമിനെ പ്രശ്നം അറിയിക്കുകയും വയോധികന്റെ ചിത്രം എല്ലാവർക്കും അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തെ അന്വേഷിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ഭാഗ്യവശാൽ വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചു. അവർക്ക് അതേ വിമാനത്തിൽ തന്നെ പോകാനും കഴിഞ്ഞു. അവർ ശരിക്കും സന്തുഷ്ടരായിരുന്നു' - കഴിഞ്ഞ 33 വർഷമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സൊഹ്‌റാബി പറഞ്ഞു.
∙ മുത്തശ്ശിയിൽ നിന്ന് ലഭിച്ച ആതിഥ്യ മര്യാദ
ആതിഥ്യം എന്നാൽ അതിഥികളെ തന്റെ വീട്ടിൽ സേവിക്കുന്നതുപോലെ സേവിക്കണം എന്നതാണെന്ന് വിമാനത്താവളത്തിന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സൊഹ്റാബി പറഞ്ഞു. 90 വയസ്സിന് മുകളിലുള്ള എന്റെ മുത്തശ്ശിയിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്. ആതിഥ്യമര്യാദയുടെ കാര്യത്തിലും മറ്റുള്ളവരെ സഹായിക്കുന്നതിലും അവർ എന്റെ റോൾ മോഡലുകളിൽ ഒരാളാണ്.