യുഎഇയിൽ ആദ്യമായി മനുഷ്യാവകാശ യൂണിയൻ നിലവിൽ വന്നു
Mail This Article
അബുദാബി ∙ രാജ്യത്ത് ആദ്യമായി മനുഷ്യാവകാശ യൂണിയൻ നിലവിൽ വന്നു. സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലാണ് യൂണിയൻ ഫോർ ഹ്യുമൻ റൈറ്റ്സ് അസോസിയേഷൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക രംഗങ്ങളിൽ അവകാശം ഉറപ്പാക്കുകയാണ് യൂണിയന്റെ ലക്ഷ്യം. രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുമായും യൂണിയൻ സഹകരിക്കും.
16 മനുഷ്യാവകാശ വിദഗ്ധർ അടങ്ങുന്നതാണ് പുതിയ സംവിധാനം. മനുഷ്യാവകാശ പാലനം പ്രോൽസാഹിപ്പിച്ച് സുസ്ഥിര വികസനം കൈവരിക്കുക എന്നതാണ് ലക്ഷ്യം. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മൂല്യങ്ങളെയും തത്വങ്ങളെയും സംബന്ധിച്ച ബോധവൽക്കരണവും ശിൽപശാലകളും സംഘടിപ്പിക്കും.ദേശീയ മനുഷ്യാവകാശ കേഡറുകളെ ശക്തിപ്പെടുത്തുക, മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുക, പരിശീലനം നടത്തുക, പ്രാദേശിക– രാജ്യാന്തര പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവ അസോസിയേഷൻ ലക്ഷ്യമിടുന്നു.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു പഠനങ്ങളും ഗവേഷണങ്ങളും പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ സ്ഥാപനങ്ങൾ സന്ദർശിക്കും. രാജ്യത്തിന്റെ നയങ്ങളിലും വികസനത്തിലും പൊതുസമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കാനും അസോസിയേഷന്റെ പ്രവർത്തനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.