തടവുകാരുടെ മോചനത്തിന് 2.25 കോടി നൽകി ഫിറോസ് മർച്ചന്‍റ്
Mail This Article
അബുദാബി∙ റമസാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 900 തടവുകാരെ മോചിപ്പിക്കാൻ വ്യവസായിയും പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് മർച്ചന്‍റ് 10 ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി. ഗ്രൂപ്പിന്‍റെ ദ് ഫൊർഗോട്ടൻ സൊസൈറ്റി എന്ന കാരുണ്യ പദ്ധതിക്കു കീഴിൽ 2008 മുതൽ ഇതുവരെ വിവിധ രാജ്യക്കാരായ 20,000 തടവുകാരെ ഫിറോസ് മർച്ചന്‍റ് മോചിപ്പിച്ചിരുന്നു. ഇവരുടെ പിഴയും സാമ്പത്തിക ബാധ്യതയും തീർക്കാൻ 2.5 കോടി ദിർഹം (56.35 കോടി രൂപ) നൽകിയിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റും നൽകിവരുന്നു.
റമസാനിലെ പദ്ധതിയനുസരിച്ച് അജ്മാൻ ജയിലിൽനിന്ന് 495 തടവുകാരെ മോചിപ്പിക്കും. ഫുജൈറ 170, ദുബായ് 121, ഉമ്മുൽഖുവൈൻ 69, റാസൽഖൈമ 28 തടവുകാരെയാണ് പിഴ അടച്ച് മോചിപ്പിക്കുക. ഈ വർഷം 3000 തടവുകാരെ മോചിപ്പിക്കുമെന്നും സൂചിപ്പിച്ചു. ഫിറോസ് മർച്ചന്റിന്‍റെ ഇടപെടലുകളെ അജ്മാൻ ജയിൽ ഡപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്റൂഷി അഭിനന്ദിച്ചു.