ADVERTISEMENT

ദുബായ്∙ നിറമുള്ള കടലാസ് കഷ്ണങ്ങൾ കയ്യിൽ കിട്ടിയാൽ ഈ മലയാളി കലാകാരി ഒരുക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന വർണമനോഹര കലാസൃഷ്ടികൾ. പ്രവാസ ലോകത്ത് അധികമാരും കൈവയ്ക്കാത്ത സവിശേഷതയാർന്ന ക്വിൽ ആർട്ടിൽ പ്രതിഭ തെളിയിക്കുകയാണ് ഷാർജയിൽ താമസിക്കുന്ന ക‌ണ്ണൂർ പയ്യന്നൂർ സ്വദേശിയായ സബിന. ക്വില്‍ ആർട്ടിനോടൊപ്പം മോഡലിങ്ങിലും ഈ യുവതി ശ്രദ്ധേയ സാന്നിധ്യമാണ്. രാജ്യാന്തര വനിതാ ദിനത്തിൽ താൻ കടന്നുവന്ന കലാവഴികളെക്കുറിച്ച് മനോരമ ഓൺലൈനിനോട് സബിന സംസാരിക്കുന്നു:

∙ ക്വിൽ ആർട്ട് ഒരു പാഷൻ
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗുരുദേവ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന്  ഫാഷൻ ആൻഡ് അപാരൽ ഡിസൈനിങ് ടെക്നോളജിയിൽ രണ്ടാം റാങ്കോടെ ബിരുദം നേടിയ ശേഷം കലയുമായി അത്ര ചങ്ങാത്തത്തിലായിരുന്നില്ല സബിന. പിന്നീട് വിവാഹിതയായി ഭർത്താവിനോടൊപ്പം യുഎഇയിലെത്തി ശേഷമാണ് ക്വിൽ ആർട്ട് പരീക്ഷിക്കാൻ തീരുമാനിച്ചത്. കയ്യിൽ കിട്ടുന്ന നിറമുള്ള കടലാസുകഷ്ണങ്ങൾ ഉപയോഗിച്ച് ആദ്യം ജിമിക്കി കമ്മൽ തുടങ്ങിയ കൊച്ചു രൂപങ്ങളാണ് ഉണ്ടാക്കിയത്. ഇവയെല്ലാം സുഹൃത്തുക്കൾക്കും മറ്റും കാണിച്ചുകൊടുക്കും. അവരുടെ പ്രോത്സാഹനം  വലിയ ചിത്രങ്ങളിലേക്ക് ചുവട്​വയ്ക്കുന്നതിന് പ്രേരണയായി. കഴിഞ്ഞ 8 വർഷമായി ക്വിൽ ആർട്ടിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. വിവിധ കട്ടികളിലുള്ള കളർ ചാർട്ട് പേപ്പറുകളും മറ്റും ഉപയോഗിച്ചാണ് കലാസൃഷ്ടി ഒരുക്കുന്നത്. ഓരോ രൂപത്തിനനുസരിച്ച് വിവിധ കട്ടിയിലുള്ള വർണക്കടലാസുകൾ സംഘടിപ്പിക്കും.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ യുഎഇ ഭരണാധികാരികള്‍ മുതൽ തെയ്യക്കോലങ്ങൾ വരെ
കണ്ണൂരുകാരിയായതിനാൽ തന്നെ തെയ്യം വിട്ടുള്ള കളിക്ക് സബിനയില്ല. ആദ്യം വരച്ച വലിയ ചിത്രങ്ങളിലൊന്ന് തെയ്യക്കോലമാണ്. തുടർന്ന് ബുദ്ധൻ, മുത്തശ്ശി, പുള്ളിപ്പുലി, ആഫ്രിക്കൻ വംശജർ, അർധനാരീശ്വര, നെറ്റിപ്പട്ടം, ചെഗുവേര, ഗണപതി തുടങ്ങിയവയടക്കം സബിനയുടെ 'ക്വില്ലസ്ട്രേഷൻ' ഗ്യാലറിയിൽ ഇടം പിടിച്ചത് 75ലേറെ കലാസൃഷ്ടികൾ. ഏറ്റവുമൊടുവിൽ ഉണ്ടാക്കിയത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രൂപം. മറ്റു ഭരണാധികാരികളുടെ ചിത്രങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ചെറിയ സൃഷ്ടികള്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂർത്തിയാകുമ്പോൾ വലിയതിന് ഒരാഴ്ചയോളം വേണ്ടി വരുന്നു. 2019ൽ ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഖസ്ബയിലും കലാസൃഷ്ടികളുടെ പ്രദർശനം നടത്തി. ഏറ്റവുമൊടുവിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചിത്രപ്രദർശനത്തിലും സബിനയുടെ കലാസൃഷ്ടികൾ ആസ്വാദകരുടെ മനംകവർന്നു. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

എന്താണ് ക്വിൽ ആർട്ട്?
ക്വില്ലിങ് ഒരു കലാരൂപമാണ്. വിവിധ വർണങ്ങളിലുള്ള പേപ്പറുകൾ വ്യത്യസ്ത രൂപങ്ങളിലും ചുരുട്ടിയും വളച്ചുമെല്ലാം പേപ്പറിൽ ഒട്ടിച്ചാണ് ഈ കലാരൂപം ഒരുക്കുന്നത്. ജലച്ചായം, പെൻസിൽ ഡ്രോയിങ്, എണ്ണച്ചായം തുടങ്ങി സർഗാത്മകതയുടെ ഏത് ശൈലിയുമാകട്ടെ, കലാകാരന്‍റെ കരവിരുത് പ്രകടമാകുന്ന തരത്തിലാണ് ക്വിൽ രൂപകൽപന ചെയ്തിരിക്കുന്നത്. 105 എഡിയിൽ ചൈനയിലോ ഈജിപ്തിലോ ആണ് ഈ കലയുടെ ഉത്ഭവം. ആധുനിക ക്വിൽ ആർട്ടിന്‍റെ പ്രാകൃതരൂപം ഇവിടങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. മലയാളികൾക്കടക്കം സുപരിചിതമായ പേപ്പർ കൊളാഷ് കലാരൂപത്തിൽ നിന്ന് നേരിയ വ്യത്യാസമേ ഇതിനുള്ളൂ. ഇന്ത്യയിൽ ഒട്ടേറെ ക്വില്ലിങ് കലാകാരന്മാർ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ മോഡലിങ്ങിലും തിളക്കം
ക്വിൽ ആർട്ട് തന്‍റെ പാഷനാണെന്ന് മാത്രമേ സബിന പറയുന്നു. പക്ഷേ, ഗൗരവമായി ചെയ്യുന്ന മറ്റൊരു കാര്യം മോഡലിങ്ങാണ്. ബോട്ടിക്കുകളടക്കം ഒട്ടേറെ സ്ഥാപനങ്ങൾക്കും മോഡലായി. കേരളത്തിലെ ഹാൻഡ് ലൂമിന്‍റെ ബ്രാൻഡ് അംബാസഡറുമായിരുന്നു. എഫ് ബി(Sabina Biju) യിലെയും ഇൻസ്റ്റ(sabquillarts)യിലെയും സബിനയുടെ പേജുകൾ നിത്യവും സന്ദർശിക്കുന്നവർ ഒട്ടേറെ. ഫൊട്ടോഗ്രഫറായ പത്മനാഭൻ–സീത ദമ്പതികളുടെ മകളാണ്. ഭർത്താവ് ബിജു ദുബായ് ഷിപ്പ് യാർഡിൽ എൻജിനീയർ. മക്കൾ:ശിവാനി, നക്ഷത്ര.

English Summary:

Sabina weaves colorful shapes into scraps of paper using quill art

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com