‘ദി കിങ് ഉനൈസ’: സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാം യുദ്ധക്കപ്പൽ ഇനി നാവിക സേനയ്ക്ക് സ്വന്തം
Mail This Article
യാദ്∙ സൗദിയിൽ നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ യുദ്ധക്കപ്പലായ ‘ദി കിങ് ഉനൈസ’ പുറത്തിറക്കി. പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹമീദ് അൽ റുവൈലി ജിദ്ദയിലെ കിങ് ഫൈസൽ നേവൽ ബേസിലാണ് കപ്പലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ശേഷം ചീഫ് ഓഫ് സ്റ്റാഫ് സഹ ഉദ്യോഗസ്ഥരോടൊപ്പം കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ കയറി. നാവികസേനയുടെ ഔദ്യോഗിക സേവനത്തിലേക്ക് കപ്പലിന്റെ പ്രവേശനം അടയാളപ്പെടുത്തി സൗദി പതാക ഉയർത്തി.
തുടർന്ന് കപ്പലിന്റെ റഡാറുകളും വിസിലുകളും പ്രവർത്തിപ്പിച്ചു. അടുത്തുള്ള കപ്പലുകൾ വിസിലുകൾ മുഴക്കി പുതിയ കപ്പലിനെ സ്വാഗതം ചെയ്തു. ഈ കപ്പൽ ‘കൊർവെറ്റ് അവന്റ് 2200’ എന്ന ഇനത്തിൽപ്പെട്ടതാണെന്ന് റോയൽ സൗദി നേവൽ ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗുഫൈലി പറഞ്ഞു. നാവിക സേനയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിനും മേഖലയിലെ സാമുദ്രിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സുപ്രധാനവും തന്ത്രപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും കപ്പൽ മുതൽക്കൂട്ടാവും.