കാരുണ്യക്കതിർ വീശി: ഇആർസി റമസാൻ ക്യാംപെയ്ൻ തുടങ്ങി; കരുതലെത്തും 44 രാജ്യങ്ങളിൽ
Mail This Article
അബുദാബി ∙ യുഎഇ ഉൾപ്പെടെ 44 രാജ്യങ്ങളിലെ 18 ലക്ഷത്തിലേറെ പേർക്ക് ഇഫ്താർ വിഭവങ്ങളും പെരുന്നാൾ വസ്ത്രവും ധനസഹായവും എത്തിക്കുന്ന റമസാൻ ക്യാംപെയ്നിന് എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആർസി) സൊസൈറ്റി തുടക്കംകുറിച്ചു. പദ്ധതിയുടെ ഭാഗമായി യുഎഇയിലുള്ള വിവിധ രാജ്യക്കാരായ 10.71 ലക്ഷം പേർക്കും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 8 ലക്ഷത്തിലേറെ പേർക്കും സഹായം ലഭിക്കും. ഗാസയിൽ മാത്രം, ദിവസേന 10,000 പേർക്കാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുക. പദ്ധതിക്കായി 3.7 കോടി ദിർഹമാണ് നീക്കിവച്ചിരിക്കുന്നത്.
പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുകയാണ് ക്യാംപെയ്നിലൂടെ ചെയ്യുന്നതെന്ന് ഇആർസി സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരി പറഞ്ഞു. ദുരിതങ്ങൾ ലഘൂകരിക്കുക, ജീവിതം മെച്ചപ്പെടുത്തുക, ദാരിദ്ര്യം, പട്ടിണി, രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുക എന്നതെല്ലാം ക്യാംപെയ്നിന്റെ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി, ദുബായ്, അജ്മാൻ എമിറേറ്റുകളിൽ വനിതകൾക്കു മാത്രമായി ഇഫ്താർ ടെന്റുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധ ലേബർ ക്യാംപുകൾ കേന്ദ്രീകരിച്ചും റമസാൻ ടെന്റുകൾ ഒരുക്കി നോമ്പുതുറ വിഭവങ്ങൾ നൽകുന്നുണ്ട്.