ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി; പെട്ടിക്കുള്ളിൽ ഞെട്ടിക്കുന്ന ശേഖരം, യാത്രക്കാരൻ പിടിയിൽ
Mail This Article
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജിൽ അതിവിചിത്രമായ ചില വസ്തുക്കള്‍ കണ്ടെത്തി. ജീവനുള്ള പാമ്പ്, കുരങ്ങിന്റെ കൈ, ചത്ത പക്ഷി, തുണിയിൽ പൊതിഞ്ഞ മുട്ട എന്നിവയാണ് പിടികൂടിയത്. മന്ത്രവാദത്തിന് ഉപയോഗിക്കാനാണ് ഇവയെല്ലാം കൊണ്ടുവന്നതെന്ന് അറബിക് ദിനപത്രം റിപോർട്ട് ചെയ്തു.
സംശയം തോന്നിയ അധികൃതർ സമഗ്രമായ തിരച്ചിൽ നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് പെട്ടിക്കുള്ളിൽ ഞെട്ടിക്കുന്ന ശേഖരം കണ്ടെത്തിയത്. ജീവനുള്ള പാമ്പ്, ചത്ത പക്ഷി, കുരങ്ങിന്റെ കൈ, മുട്ടകൾ എന്നിവയ്ക്ക് പുറമേ മാല, പേപ്പർ ക്ലിപ്പിങ്ങുകൾ അടങ്ങിയ ഉപകരണങ്ങൾ എന്നിവയും അധികൃതർ പിടിച്ചെടുത്തു. എല്ലാം മന്ത്രവാദത്തിന് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് കരുതുന്നത്. കണ്ടുകെട്ടിയ വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി ദുബായിലെ ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന് കൈമാറി.
എല്ലാ തരത്തിലുമുള്ള കള്ളക്കടത്തിനെ ചെറുക്കാൻ ദുബായ് കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്‌മെന്റിലെ ടെർമിനൽ ഒന്നിന്റെ സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. സംഘം ജാഗ്രതയോടെ തുടരുമെന്നും സമൂഹത്തെ അപകടത്തിൽ നിന്ന് സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വ്യക്തമാക്കി.