സ്കൂൾ അവധിയും പെരുന്നാളും; ഗൾഫ് വിമാന നിരക്കിൽ മൂന്നിരട്ടി വരെ വർധന
Mail This Article
ജിദ്ദ/ കരിപ്പൂർ ∙ നാട്ടിലെ സ്കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ട് വിമാനക്കമ്പനികൾ ഗൾഫ് സെക്ടറുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഈ മാസം അവസാനത്തോടെ നാട്ടിലെ വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ, പലരും കുടുംബത്തോടെ വിദേശത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ നാട്ടിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടിയിട്ടുണ്ട്. 50% മുതൽ മൂന്നിരട്ടി വരെ വർധനയുണ്ടെന്നു പ്രവാസികൾ പറയുന്നു.
ഏപ്രിൽ 2ന് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയ്ക്ക് മുകളിലാണ്. അതേദിവസം തിരിച്ചു നാട്ടിലേക്കുള്ള നിരക്ക് 26,000 രൂപയാണ്. ഏപ്രിലിൽ പല ദിവസങ്ങളിലും ശരാശരി 20,000 രൂപയ്ക്ക് ജിദ്ദയിൽനിന്നു കോഴിക്കോട്ട് എത്താനാകും. പെരുന്നാൾ ആഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചുപോകുന്നതു ലക്ഷ്യമിട്ടും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. പെരുന്നാളിനു ശേഷം ഏപ്രിൽ 13ന് 10,522 രൂപയാണ് ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള നിരക്ക്. അതേദിവസം കോഴിക്കോട്ടുനിന്നു ദുബായിലേക്കു പോകാൻ 20,828 രൂപ നൽകണം. ഏപ്രിൽ 13, 14 തീയതികളിൽ 11,000 രൂപയ്ക്ക് അബുദാബിയിൽനിന്നു കോഴിക്കോട്ടെത്താം. എന്നാൽ, 13ന് 20,828 രൂപയും 14ന് 25,446 രൂപയുമാണ് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കുള്ള നിരക്ക്.
പെരുന്നാളിനു ശേഷം ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനയുണ്ട്. ഏപ്രിൽ 13, 14 തീയതികളിൽ ദോഹയിലേക്ക് കോഴിക്കോട്ടുനിന്ന് ശരാശരി 30,000 രൂപ വേണം. ഈ ദിവസങ്ങളിൽ ദോഹയിൽനിന്നു നാട്ടിലേക്ക് ശരാശരി 11,000 രൂപയേ ഉള്ളൂ.
മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഏപ്രിലിൽ 8000 രൂപ മുതൽ 12,000 രൂപവരെയാണു നിരക്ക്. ദോഹയിലേക്കു വർധനയുള്ളത് പെരുന്നാളിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മാത്രമാണ്. 19,000 –21,000 രൂപ വരെ നൽകണം. പെരുന്നാൾ കഴിഞ്ഞാൽ കോഴിക്കോട്ടുനിന്നു മസ്കത്തിലേക്കും ഇതേ വർധനയുണ്ട്. റമസാനിൽ ഉംറ തീർഥാടകർ കൂടുതലാണ്. എന്നാൽ, പലരും നേരത്തേ ടിക്കറ്റ് എടുത്തതിനാൽ നിരക്കുവർധന കാര്യമായി ബാധിക്കുന്നില്ല.