ഒമാനില്‍ വിദേശ കമ്പനികളില്‍ സ്വദേശിയെ നിയമിക്കല്‍ നിര്‍ബന്ധം
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ വിദേശ നിക്ഷേപകരുടെ കമ്പനികളില്‍ സ്വദേശികളെ നിയമിക്കല്‍ നിര്‍ബന്ധമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഏപ്രില്‍ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഓരോ വാണിജ്യ സംരംഭങ്ങളിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കുറക്കാനും അവരെ ഒമാനി നിക്ഷേപകനായി കണക്കാക്കാനുമുള്ള മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തില്‍ നിയമിക്കുന്ന ഒമാനി പൗരനെ അവരെ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ജനറല്‍ അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.
'ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോമി'ല്‍ ഈ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ഇക്കാര്യം മന്ത്രാലയം നടപ്പിലാക്കും. ഉത്തരവ് ലംഘിക്കുകയും സ്വദേശികളെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന വിദേശ നിക്ഷേപക കമ്പനികള്‍ക്കുള്ള ഇടപാടുകള്‍ നിരോധിക്കും. കമ്പനികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ശരിയാകാന്‍ 30 ദിവസത്തെ സമയം നല്‍കും. ഇതിനുശേഷവും പരിഹരിച്ചിട്ടില്ലെങ്കില്‍ അറിയിപ്പുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണവും നേരിടേണ്ടിവരുമെന്നും മന്ത്രാലയത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വിസസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അമ്മാര്‍ ബിന്‍ സുലൈമാന്‍ അല്‍ ഖറൂസി പറഞ്ഞു.