ദുബായിൽ സ്കൂളുകൾക്ക് ഫീസ് കൂട്ടാൻ അനുമതി; ഗ്രേഡിങ്ങിലെ മികവ് അടിസ്ഥാനം
Mail This Article
ദുബായ്∙ 2024-2025 അധ്യയന വർഷത്തേക്ക് ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അനുമതി നൽകി.
നിലവാര പരിശോധനയിൽ സ്കൂളുകൾക്കു ലഭിച്ച ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിൽ 2.6% മുതൽ 5.2% വരെ ഫീസ് വർധിപ്പിക്കാനാണ് കെഎച്ച്ഡിഎ അനുമതി. നിലവിലെ റേറ്റിങ്ങിൽ താഴേക്കു പോയ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്നും നിർദേശിച്ചു. ഫീസ് വർധിപ്പിക്കുന്നതിനു മുൻപ് ഓരോ സ്കൂളുകളും കെഎച്ച്ഡിഎയിൽ അപേക്ഷ നൽകി അനുമതി തേടണം.കോവിഡ് കാലത്തെ ഇവടേളയ്ക്കുശേഷം തുടർച്ചയായി രണ്ടാം വർഷമാണ് ഫീസ് വർധിപ്പിക്കുന്നത്.
സ്‌കൂളുകളുടെ നിലവാരവും മത്സരക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫീസ് വർധനയെന്ന് കെഎച്ച്ഡിഎ പെർമിറ്റ് ഡയറക്ടർ ഷമ്മ അൽമൻസൂരി പറഞ്ഞു. ദുബായിലെ 77% വിദ്യാർഥികളും നിലവാരമുള്ള സ്കൂളിലാണ് പഠിക്കുന്നത്. ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 12% വർധനയുണ്ട്. കേരള, സിബിഎസ്ഇ, ബ്രിട്ടിഷ് ഉൾപ്പെടെ ദുബായിൽ 17 വ്യത്യസ്ത പാഠ്യപദ്ധതികൾ പിന്തുടരുന്ന 220 സ്വകാര്യ സ്കൂളുകളിലായി 3.65 ലക്ഷം വിദ്യാർഥികളാണ് പഠിക്കുന്നത്.
നില മെച്ചപ്പെടുത്തിയാൽ ഉയർന്ന ഫീസ്
പരിശോധനയിൽ കണ്ടെത്തിയ നിലവാരം അനുസരിച്ച് മോശം, സ്വീകാര്യം, നല്ലത്, വളരെ നല്ലത്, ഏറ്റവും മികച്ചത് എന്നിങ്ങനെ സ്കൂളുകളെ തരംതിരിച്ചിട്ടുണ്ട്. മോശത്തിൽ നിന്ന് സ്വീകാര്യത്തിലേക്കും അതിൽനിന്ന് നല്ലത് എന്ന വിഭാഗത്തിലേക്കും നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് നിലവിലെ ഫീസിന്റെ 2.6% വർധിപ്പിക്കാം. നല്ലതിൽനിന്ന് വളരെ നല്ലതിലേക്ക് ഉയർന്ന സ്കൂളുകൾക്ക് 4.55%, വളരെ നല്ലതിൽനിന്ന് ഏറ്റവും മികച്ചതിലേക്ക് ഉയർന്ന സ്കൂളുകൾക്ക് ഫീസിൽ 3.9% വർധന വരുത്താം. നിലവിലെ ഗ്രേഡിങ് നിലനിർത്തുന്ന സ്കൂളുകൾക്കും 2.6% വർധനയ്ക്ക് അനുമതിയുണ്ട്.