സൗദിയിൽ പുതിയതായി 70 പുരാവസ്തു സ്ഥലങ്ങൾ കൂടി കണ്ടെത്തി
Mail This Article
റിയാദ് ∙ സൗദിയിൽ പുതുതായി 70 പുരാവസ്തു സ്ഥലങ്ങൾ കൂടി കണ്ടെത്തി. സൗദി അറേബ്യയുടെ ചരിത്രപരവും സാംസ്കാരികവുമായ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നതാണിത്. ഇതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്ത പുരാവസ്തുസ്ഥലങ്ങളുടെ എണ്ണം 8,917 ആയി. പുതുതായി കണ്ടെത്തിയ പുരാവസ്തു സ്ഥലങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ്. ഇതിൽ 14 സ്ഥലങ്ങൾ അസീർ മേഖലയിലാണ്. എണ്ണത്തിൽ അസീർ മേഖലയാണ് മുന്നിൽ. തൊട്ടടുത്ത് 13 സ്ഥലങ്ങളുമായി അൽജൗഫ് മേഖലയാണ്. ഹാഇൽ മേഖലയിൽ 12 സ്ഥലങ്ങൾ ഉൾപ്പെടുന്നു.
ജിസാൻ മേഖലയിൽ 11ഉം ഖസീം മേഖലയിൽ ഏഴും മദീനയിൽ ആറും റിയാദ് മേഖലയിൽ രണ്ടും കിഴക്കൻ പ്രവിശ്യ, മക്ക മേഖല എന്നിവിടങ്ങളിൽ ഓരോന്നും പുതുതായി കണ്ടെത്തിയ സ്ഥലങ്ങളാണ്. പുരാവസ്തു സ്ഥലങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ വർഷം മുഴുവനും തുടരുന്നതായി അതോറിറ്റി പറഞ്ഞു. നിരവധി ഘട്ടങ്ങളിലൂടെയാണ് ദേശീയ പുരാവസ്തു റജിസ്റ്ററിൽ പുരാവസ്തു സ്ഥലങ്ങൾ നടപടികൾ പൂർത്തീകരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. സ്ഥലം കണ്ടെത്തലാണ് ആദ്യഘട്ടം. പിന്നീട് പുരാവസ്തു സ്പെഷലിസ്റ്റുകൾ പുരാവസ്തു പരിശോധിക്കും. സ്ഥലത്തെക്കുറിച്ച് ആവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ റിപ്പോർട്ടുകൾ തയാറാക്കുകയും എഴുതുകയും ചെയ്യും.