ഇറാൻ-ഇസ്രയേൽ സംഘർഷം: സൗദിയ, കുവൈത്ത് എയർലൈൻസുകൾ വിവിധ വിമാന സർവീസുകൾ റദ്ദാക്കി
Mail This Article
റിയാദ്∙ ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് അടുത്ത അറിയിപ്പ് വരെ നിർത്തിവെച്ചിരിക്കുന്നതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. സവിശേഷ സാഹചര്യം പരിഗണിച്ച് സൗദിയ അൽഖുറയാത്തിലേക്കുള്ള വിമാനം റിയാദിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
ജോർദാൻ വ്യോമാതിർത്തി അനിശ്ചിതസമയത്തേക്ക് പൂർണ്ണമായും അടച്ചു.ഇതോടെ ജോർദാനിലെ അൽഖുറയാത്തിലേക്കുള്ള കുവൈത്ത് എയർലൈൻസ് വിമാനം റദ്ദാക്കി. ഇറാഖ്, ഇറാൻ, ജോർദാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും കുവൈത്ത് എയർലൈൻസ് നിർത്തിവെച്ചു. ഇറാൻ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചതിനെ തുടർന്നാണ് മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇസ്രയേൽ 90 ശതമാനം ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി അവകാശപ്പെടുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാതയുടെ തെക്കൻ ഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. ഭീഷണിയില്ലാത്ത പ്രദേശമാണിത് എന്നതിനാൽ ഇതുവഴിയുള്ള സർവീസ് തുടരും. ജിസിസി യാത്രക്കാർക്ക് ആശങ്ക വേണ്ട എന്നാണ് ഇതുവരെയുള്ള വിവരം.