ദുബായ് പൊലീസ് ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടറുകൾ നിറച്ച യാത്രാ ബസ് പിടികൂടി
Mail This Article
ദുബായ്∙ ലൈസൻസില്ലാത്ത പാചകവാതക സിലിണ്ടറുകൾ നിറച്ച യാത്രാ ബസ് ദുബായ് പൊലീസ് പിടികൂടി. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലും സൂചനാ ബോർഡുകൾ ഇല്ലാത്ത ലൈസൻസില്ലാത്ത വാഹനങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് അപകടകരമാണെന്ന് ദുബായ് പൊലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.
∙ അപകടകരമായ യാത്ര:
വാഹനം അപകടത്തിൽപ്പെട്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ ഇടയായാൽ അത് വൻ ദുരന്തത്തിന് കാരണമാകുമെന്ന് ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻസിലെ സസ്പെക്ട്സ് ആൻഡ് സെക്യൂരിറ്റി ഫിനോമിന വിഭാഗം ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു.
∙ സുരക്ഷാ നടപടികൾ
ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നതിന് അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായി സുരക്ഷിതമായ രീതിയിൽ വിതരണം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടത് നിർബന്ധമാണ്. വാഹനത്തിന് നിർദ്ദിഷ്ട നിറവും തുറന്ന റൂഫും ഉണ്ടായിരിക്കണം. അപകടകരമായ തീപിടിക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന അടയാളങ്ങളും പതിക്കണം. തീ കെടുത്തുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുകയും പതിവ് അറ്റകുറ്റപ്പണികൾ നടത്തുകയും വേണം.
∙ ഗ്യാസ് സിലിണ്ടർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മാത്രം
ലൈസൻസുള്ളതും അംഗീകൃതവുമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം പാചകവാതക സിലിണ്ടറുകൾ വാങ്ങാൻ പൊതുജനങ്ങളോട് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ സസ്പെക്ട്സ് ആൻഡ് സെക്യുരിറ്റി ഫിനോമിന വിഭാഗത്തിലെ തെരുവ് കച്ചവട വിരുദ്ധ വിഭാഗം തലവൻ കേണൽ താലിബ് മുഹമ്മദ് അൽ അമീരി അഭ്യർഥിച്ചു. മാനദണ്ഡങ്ങൾക്കും നിര്‍ദേശങ്ങൾക്കും അനുസൃതമല്ലാത്ത സിലിണ്ടറുകൾ പ്രോത്സാഹിപ്പിക്കുന്ന ലൈസൻസില്ലാത്ത വ്യാപാരികളെ കണ്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.