ദുബായിലെ സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും നാളെ വിദൂര പഠനം
Mail This Article
ദുബായ്∙ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളോടും സർവകലാശാലകളോടും വിദൂര പഠനം(ഓൺലൈൻ ക്ലാസ്) തുടരണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെഎച്ച്‌ഡിഎ) നിർദേശിച്ചു. കഴിഞ്ഞ ദിവസം ദുബായിയിൽ അനുഭവപ്പെട്ട ശക്തമായ മഴയെ തുടർന്ന് ഗതാഗത സൗകര്യം പൂർവസ്ഥിതിയിലാകാത്തതിനെ തുടർന്നാണ് ഈ നിർദേശം. വാരാന്ത്യ അവധി കഴിഞ്ഞ് നാളെ (തിങ്കൾ) വിദ്യാലയങ്ങൾ തുറക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. മറ്റ് എമിറേറ്റുകളും, പ്രത്യേകിച്ച് ഷാർജയും ഇതേ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരം, ഈ മാസം 16-ന് എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. 75 വർഷത്തിനിടെ രാജ്യത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയെത്തുടർന്ന് യുഎഇയിലുടനീളമുള്ള ജനജീവിതം സ്തംഭിച്ചിരുന്നു.