വെള്ളക്കെട്ടിൽ വില്ലനായി ജലജന്യ രോഗങ്ങൾ; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 50% വർധന
Mail This Article
ഷാർജ/ദുബായ് ∙ പ്രളയജലം കെട്ടിക്കിടന്ന് മലിനമായതോടെ ഷാർജയിലും ദുബായുടെ അതിർത്തി പ്രദേശങ്ങളിലും ജലജന്യ രോഗങ്ങൾ കൂടുന്നു. പനി, ജലദോഷം, ചുമ, ഛർദി, വയറിളക്കം, ചർമ/ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും എത്തുന്നവരിൽ 50% വർധനയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥലപരിമിതി മൂലം ഡോക്ടർമാരുടെ മുറികളിലും സ്വീകരണ മുറികളിലും വരെ കിടത്തിയാണ് ചികിത്സ. എങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശ പ്രശ്നങ്ങൾ കൂടുതലും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലും പ്രായമായവരിലുമാണ് കണ്ടുവരുന്നത്. ആസ്മ ഉൾപ്പെടെ അലർജിയുള്ളവരും എത്തുന്നുണ്ട്.
പ്രശ്നബാധിത കെട്ടിടങ്ങളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ മുൻകരുതൽ എടുക്കണം. കൊതുകുവല വിരിച്ചോ കൊതുകുനശീകരണ മരുന്നുകൾ പ്രയോഗിച്ചോ പ്രതിരോധം ശക്തിപ്പെടുത്താം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ നടക്കുന്നത് പരമാവധി ഒഴിവാക്കണം.
∙ പ്രതിരോധത്തിന്
വീട്ടിൽ കഴിയുന്നവർ പ്രതിരോധത്തിനായി ചെറുനാരങ്ങ, ഇഞ്ചി എന്നിവ ചേർത്ത ചായ കുടിക്കാം. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തിൽ കഴുകിയ ശേഷം ഉപയോഗിക്കാം. തൊണ്ട വേദനയുള്ളവർ ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ കവിൾകൊള്ളണം. പനി, ക്ഷീണം ഛർദി, വയറിളക്കം എന്നീ ലക്ഷണമുള്ളവർ ഒആർഎസ് ലായനി കുടിക്കണം. രോഗം കൂടിയാൽ എത്രയും വേഗം ചികിത്സ തേടണം. വെള്ളക്കെട്ട് എത്രയും വേഗം നീക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിയേക്കുമെന്നും ഡോക്ടർമാരുടെ മുന്നറിയിപ്പുണ്ട്.