ഷാർജ റീഡിങ് ഫെസ്റ്റ് പുത്തനറിവുകൾ പഠിപ്പിച്ചും പരിശീലിപ്പിച്ചും വിദഗ്ധർ
Mail This Article
ഷാർജ ∙ സ്കൂളുകളിലെ പഠനം നിർമിത ബുദ്ധിയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധൻ ഡോ. എ. എൽ. ജോൺസ്. എന്തിനെയും വസ്തുനിഷ്ഠമായി പഠിക്കാൻ നിർമിത ബുദ്ധിയിൽ അധിഷ്ഠിത സാങ്കേതിക വിദ്യയിലൂടെ സാധിക്കും. ചിലർ ഇതിനെ ഹോം വർക്ക് ചെയ്യാനുള്ള എളുപ്പ മാർഗമായി കരുതുന്നു.
എന്നാൽ, നിർമിത ബുദ്ധി ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങൾ ചിലപ്പോൾ അപൂർണമാകാം. തെറ്റിദ്ധരിപ്പിക്കാം. അതുകൊണ്ട് എഐ ഉപയോഗം കരുതലോടെ വേണമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ റീഡിങ് ഫെസ്റ്റവലിന്റെ ഭാഗമായി ‘സ്കൂൾ പഠനത്തെ നിർമിത ബുദ്ധി എങ്ങനെ മാറ്റിമറിക്കും’ എന്ന വിഷയത്തിൽ കുട്ടികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. എഐ ഒരിക്കലും അധ്യാപകർക്കു പകരമാകില്ല. ഉത്തരങ്ങൾ കണ്ടെത്താൻ മാനുഷിക ഇടപെടൽ വേണ്ടി വരും. വിവരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നതും കുട്ടികളുടെ ഉത്തരവാദിത്തമാണ്. എഐ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കില്ല. ചില പഴയ ജോലികൾ ഇല്ലാതായേക്കാം, എന്നാൽ, പകരം പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. കംപ്യൂട്ടർ വന്നപ്പോൾ സംഭവിച്ചതു പോലെയുള്ള മാറ്റങ്ങളാകും എഐ വരുമ്പോഴും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വിളക്കുനിർമാണം പരിശീലിപ്പിച്ച് ചിത്രകാരി മഹ
∙ വിളക്കുകൾ നിർമിക്കാൻ പരിശീലനം നൽകി ഷാർജ റീഡിങ് ഫെസ്റ്റിവലിൽ കോമിങ് ലാന്റേൺ ശിൽപശാല. ചിത്രകാരി മഹ അൽ മെഹേരിയാണ് കുട്ടികൾക്ക് വിളക്കു നിർമാണ പരിശീലനം നൽകിയത്. സ്റ്റിക്കർ പേപ്പറിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വെട്ടിയെടുത്തു ഗ്ലാസ് ബോട്ടിൽ ഒട്ടിച്ചാണ് കോമിക്ക് വിളക്കുകൾ നിർമിച്ചത്. ഈ ബോട്ടിലുകൾക്ക് അക്രിലിക്ക് ചായം ഉപയോഗിച്ചു നിറം നൽകി. അതിനു ശേഷം സ്റ്റിക്കർ ഇളക്കിയതോടെ ഗ്ലാസ് ബോട്ടിലിൽ പ്രത്യക്ഷപ്പെട്ട രൂപത്തിലൂടെ വെളിച്ചം പുറത്തേക്കു വന്നതും, ഇഷ്ട കഥാപാത്രങ്ങൾ വെളിച്ചമായി മുറിയിൽ നിറഞ്ഞു.
പാചകം പഠിപ്പിച്ച് സബ
∙ സസ്യാഹാരത്തിന്റെ അനന്ത സാധ്യതകളെ കുട്ടികൾക്കു പരിചയപ്പെടുത്തി ഇത്യോപ്യൻ ഷെഫ് സബ അലേമയോഹ്. സബ ഉൾപ്പെടുന്ന ടൈഗ്രേ വിഭാഗക്കാർ വർഷത്തിൽ 210 ദിവസവും സസ്യാഹാരം കഴിക്കുന്നവരാണ്. ഇതാണ് സസ്യ വിഭവങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രചോദനമായതെന്ന് ഷെഫ് പറഞ്ഞു. കോളിഫ്ലവർ ഉപയോഗിച്ച് തയാറാക്കിയ ടെക്കെബാഷാ ആണ് സബ കുട്ടികളെ പഠിപ്പിച്ചത്.
ഇന്ത്യൻ വിഭവമായ പക്കോഡയുമായി ഏറെ സാമ്യമുള്ളതാണ് ടെക്കെബാഷ്. കോളിഫ്ലവർ മാവിൽ മുക്കി തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ടെക്കെബാഷ്. വിഭവം തയാറാക്കുന്നതിനൊപ്പം സ്വന്തം നാടിന്റെ ചരിത്രവും യുദ്ധകഥകളുമൊക്കെ കുട്ടികൾക്കായി ഷെഫ് വിവരിച്ചു.