എക്സാലോജിക് സൊലൂഷൻസുമായി ബന്ധമില്ലെന്ന് എക്സാലോജിക് കൺസൽറ്റിങ്
Mail This Article
ദുബായ്∙ എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് എക്സാലോജിക് കൺസൽറ്റിങ് വ്യക്തമാക്കി. പേരിലെ സാമ്യമാകാം കമ്പനിയുടെ പേരും ഡയറക്ടർമാരുടെ പേരും വിവാദത്തിൽ അകപ്പെടാൻ കാരണമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്ററിൽ (ഡിഎംസിസി) റജിസ്ട്രേഷനുള്ള എക്സാലോജിക് കൺസൽറ്റിങ് സ്ഥാപകരായ സസൂൺ സാദിഖും നവീൻകുമാറും പറഞ്ഞു.
ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിൽ ഉള്ള ആരുമില്ല. എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്നീ സ്ഥാപനങ്ങളുമായി ബന്ധമില്ല. ഒരു മലയാളി കമ്പനിയുമായും ഇടപാടില്ല. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ല.
2013 ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണ് ഇത്. 15 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ബെംഗളുരുവിലും ഓഫിസുണ്ട്. കമ്പനി റജിസ്റ്റർ ചെയ്യുമ്പോൾ സമാന പേരിൽ മറ്റൊരു കമ്പനി ഉള്ളതിനാൽ പേരിൽ മാറ്റം വരുത്തിയതായും വ്യക്തമാക്കി. എക്സാലോജിക് സൊല്യൂഷൻ എന്ന പേരിലൊരു സ്ഥാപനം യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും എക്സാലോജിക് കൺസൽറ്റിങ് സ്ഥാപകർ വ്യക്തമാക്കി.